general-hospital

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിലായെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് ‌ഡോക്‌ടർക്കെതിരെ കേസെടുത്തു.

നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പന്റെ ഭർത്താവിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. അബോധാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ വിനുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഈ മാസം 15നാണ് കൃഷ്‌ണ ആശുപത്രിയിലെത്തിയത്. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അലർജിക്കുള്ള പരിശോധന നടത്താതെയെടുത്ത കുത്തിവയ്‌പ്പാണ് യുവതി അബോധാവസ്ഥയിലാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 28കാരിയായ യുവതി കഴിഞ്ഞ ആറുദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.