കാനഡയിൽ സ്ഥിര താമസം (പെർമെനന്റ് റെസിഡൻസി ) ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് സുവർണാവസരം. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് പ്രോഗ്രാമിലൂടെ വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ അവസരം. ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) യുടെ ഈ സംരംഭം കാനഡയിൽ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഗുണം ചെയ്യും. 6300 പേർക്കാണ് ഇപ്പോൾ അവസരം.
കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിനുള്ള യോഗ്യത
കനേഡിയൻ തൊഴിൽ പരിചയമുള്ളവരും സ്ഥിര താമസക്കാരാകാൻ ആഗ്രഹിക്കുന്നവരുമായ വിദഗ്ധ തൊഴിലാളികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്. ഒരുപാട് കടമ്പകൾ കടന്നതിന് ശേഷം മാത്രമാണ് വിദേശ പൗരന്മാർക്ക് സ്ഥിര താമസം ഉറപ്പാക്കാൻ സാധിക്കൂ.
തൊഴിൽ പ്രവൃത്തി പരിചയം: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കാനഡയിൽ കുറഞ്ഞത് ഒരു വർഷത്തെ വൈദഗ്ധ്യമുള്ള പ്രവൃത്തിപരിചയം.
ഭാഷാ പരിഞ്ജാനം: ഇംഗ്ലീഷോ ഫ്രഞ്ചോ അറിഞ്ഞിരിക്കണം.
തൊഴിൽ അംഗീകാരം: കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായി അനുവാദമുള്ളപ്പോൾ നേടിയ പരിചയമാണ് കണക്കാക്കുക.
എന്താണ് വൈദഗ്ധ്യമുള്ള ജോലിയായി കണക്കാക്കുന്നത്?
കാനഡയുടെ നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ പ്രകാരം നൈപുണ്യമുള്ള പ്രവൃത്തി പരിചയത്തിൽ ഇനിപ്പറയുന്ന TEER വിഭാഗങ്ങളിൽ തരംതിരിച്ചിട്ടുള്ള തൊഴിലുകൾ ഉൾപ്പെടുന്നു:
TEER 0- മാനേജ്‌മെന്റ് തൊഴിലുകൾ. ഉദാഹരണത്തിന് പരസ്യ മാനേജർമാർ, റസ്റ്റോറന്റ് മാനേജർമാർ, എഞ്ചിനീയറിംഗ് മാനേജർമാർ, നിർമ്മാണ മാനേജർമാർ.
TEER 1- യൂണിവേഴ്സിറ്റി ഡിഗ്രിയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ജോലി. ഉദാഹരണത്തിന്, സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ, അക്കൗണ്ടന്റ്, അഭിഭാഷകർ, ഗ്രാഫിക് ഡിസൈനർ.
TEER 2- കോളേജ് ഡിപ്ലോമയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ജോലികൾ. ഉദാഹരണത്തിന് മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻസ്, ഷെഫ്.
വേതനം ലഭിച്ചുകൊണ്ടുള്ള പ്രവൃത്തി പരിചയം മാത്രമേ കണക്കാക്കുകയുള്ളൂ. ശമ്പളമില്ലാത്ത ഇന്റേൺഷിപ്പോ, സന്നദ്ധ സേവനങ്ങളോ കണക്കാക്കുകയില്ല. അപേക്ഷകർ അംഗീകൃത ഭാഷാ പരീക്ഷകളിൽ വിജയിക്കുകയും അവരുടെ എക്സ്പ്രസ് എൻട്രി പ്രൊഫൈലിൽ അവരുടെ ഫലങ്ങൾ നൽകുകയും വേണം.
ഔപചാരിക വിദ്യാഭ്യാസ ആവശ്യകതകളൊന്നുമില്ലെങ്കിലും, കനേഡിയൻ വിദ്യാഭ്യാസ യോഗ്യതകളോ ഒരു നിയുക്ത ഓർഗനൈസേഷൻ അംഗീകരിച്ച വിദേശ യോഗ്യതകളോ ഉണ്ടെങ്കിൽ, എക്സ്പ്രസ് എൻട്രി പൂളിൽ ഒരു അപേക്ഷകന്റെ റാങ്ക് വർദ്ധിപ്പിക്കാൻ കഴിയും. നിങ്ങളുടെ കനേഡിയൻ സ്വപ്നം സാക്ഷാത്കരിക്കാനുള്ള നിങ്ങളുടെ സംവിധാനമാണ് എക്സ്പ്രസ് എൻട്രി സിസ്റ്റം. ഈ ആപ്ലിക്കേഷൻ പ്രക്രിയ കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.