begum-para

ഇന്ന് ബോളിവുഡ് ഭരിക്കുന്ന മിക്ക നായികമാരും ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്ത് സൈബർലോകത്തെ ഞെട്ടിച്ചവരാണ്. എന്നാൽ ആദ്യമായി ഒരു ബോൾഡ് ഫോട്ടോഷൂട്ട് നടത്തിയത് 50കളിൽ ഒരു നായികയാണെന്ന് എത്രപേർക്കറിയാം?

പഞ്ചാബ് ഝലത്തിലെ രാജകുടുംബത്തിൽ ജനിച്ച ബീഗം പരയാണ് ബോളിവുഡിലെ ആദ്യ സെക്‌സ് സിംബൽ അല്ലെങ്കിൽ ബോളിവുഡിന്റെ ഗ്ളാമർ ഗേൾ എന്നറിയപ്പെട്ടിരുന്ന നടി. ഇന്റിമേറ്റ് രംഗങ്ങളും ബോൾഡ് ഫോട്ടോഷൂട്ടുകളും കേട്ടുകേൾവി മാത്രമായിരുന്ന കാലത്തായിരുന്നു അന്താരാഷ്ട്ര മാസികയായ ലൈഫിനുവേണ്ടി ബീഗം പര ഫോട്ടോഷൂട്ട് ചെയ്ത് സിനിമാ മേഖലയെ പിടിച്ചുകുലുക്കിയത്.

1926ൽ ബികാനീറിലെ ചീഫ് ജസ്റ്റിസായ മിയാൻ എഹ്‌സാനുൽ ഹഖിന്റെ മകളായാണ് സുബേദ ഉൽ ഹഖ് എന്ന ബിഗം പര ജനിക്കുന്നത്. അലിഗാഹ് മുസ്ളീം സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുബൈദയ്ക്ക് കൗമാരക്കാലം മുതൽതന്നെ സിനിമയോട് പ്രണയം തോന്നിയിരുന്നു.

1930കളിൽ സുബൈദയുടെ സഹോദരനായ മസ്‌റൂറുൽ ഹഖ് സിനിമാമോഹവുമായി ബോംബെയിലെത്തുകയും നടനായി മാറുകയും ചെയ്തു. ഇവിടെവച്ച് അദ്ദേഹം ബംഗാളി നടിയായ പ്രോതിമ ദാസ്‌ഗുപ്തയുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. തന്റെ സഹോദരനെയും സഹോദരഭാര്യയെയും സന്ദർശിക്കാൻ എത്തുമ്പോഴെല്ലാം സുബൈദ അവരോടൊപ്പം സിനിമാ സെറ്റുകളിൽ പോകുന്നതും പതിവാക്കിയിരുന്നു.

സുബൈദയുടെ സൗന്ദര്യത്തിലും പെരുമാറ്റത്തിലും ആകൃഷ്‌ടരായ പലരും അവർക്ക് സിനിമാ ഓഫറുകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഒരു സിനിമാ പാർട്ടിക്കിടെ ശഷാദർ മുഖർജിയും ദേവിക റാണിയും സുബൈദയ്ക്ക് ഒരു റോൾ ഓഫർ‌ ചെയ്തതാണ് അവരുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്.

തുടർന്ന് 1944ൽ 17ാം വയസിൽ ചാന്ദ് എന്ന സിനിമയിലൂടെ സുബൈദ സിനിമയിലെത്തി. തന്റെ വിളിപ്പേരായ പര എന്ന പേരുതന്നെ സിനിമയിലും അവർ സ്വീകരിച്ചു. ഇതിനോടൊപ്പം ബീഗം എന്നുകൂടി ചേർത്ത് തന്റെ രാജകീയ പാരമ്പര്യം നിലനിർത്തി. ചാന്ദ് വൻ ഹിറ്റായതോടെ ബീഗം പരയെയും പ്രശസ്തിയിലേക്കുയർത്തി. മാസം 1500 രൂപയായിരുന്നു അവരുടെ ആദ്യ ശമ്പളം. എന്നാൽ പിന്നീട് അവർ 1950കളിലെ ഏറ്റവും വിലപ്പിടിപ്പുള്ള നായികയായി മാറുകയായിരുന്നു.

ചാന്ദിന് പിന്നാലെ ബീഗം പാരയുടെ ഭാര്യാസഹോദരി പിഗ്മാലിയൻ എന്ന നോവലിനെ അടിസ്ഥാനമാക്കി ഛമിയ എന്ന പേരിൽ ഒരു സിനിമ നിർമ്മിച്ചു. അതും വൻ വിജയമായതോടെർ പര തിരക്കുള്ള നടിയായി മാറി. തുടർന്ന് ഈശ്വർലാലിനൊപ്പം സോഹിനി മഹിവാൾ, ദീക്ഷിതിനൊപ്പം സഞ്ചീർ, രാജ് കപൂറിനൊപ്പം നീൽ കമൽ, നർഗീസിനൊപ്പം മെഹന്ദി എന്നിങ്ങനെ നിരവധി സിനിമകളിൽ തിളങ്ങി.


1951ലാണ് ലൈഫ് മാഗസീനുവേണ്ടി ഗ്ളാമറസ് ഫോട്ടോഷൂട്ട് ചെയ്ത് ബീഗം പര ബോളിവുഡിനെ ഇളക്കിമറിച്ചത്. തുടർന്നാണ് ഗ്ളാമർ ഗേൾ, ബോംബ് ഷെൽ എന്നീ പേരുകളിൽ അവർ അറിയപ്പെടാൻ തുടങ്ങിയതും. ബോളിവുഡിലെ എക്കാലത്തെയും ക്ളാസിക് ചിത്രമായ മുഗൾ-ഇ- അസമിൽ നിഗർ സുൽത്താനയായി അഭിനയിക്കാൻ ഓഫർ ലഭിച്ചെങ്കിലും ഇമേജിന് ചേരുന്നതല്ലെന്ന് പറഞ്ഞ് നിരസിച്ചു.

1956ൽ പുറത്തിറങ്ങിയ കർഭാല എന്ന ചിത്രത്തിലാണ് ബീഗം പര അവസാനമായി അഭിനയിച്ചത്. ദിലീപ് കുമാറിന്റെ സഹോദരനായ നസീർ ഖാനെ വിവാഹം കഴിച്ച നടി അതിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു. ബീഗം പരയുടെ സഹോദരി റുക്‌സാന സുൽത്താനയുടെ മകളാണ് നടി അമൃത സിംഗ്.

1975ൽ ഭർത്താവിന്റെ മരണശേഷം അവർ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് താമസം മാറി. 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെ ബീഗം പര വീണ്ടും ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. 2008ൽ 82ാം വയസിൽ ബീഗം പര എന്ന അതുല്യപ്രതിഭ ലോകത്തോട് വിടപറഞ്ഞു.