fuse

കോഴിക്കോട്: കെഎസ്‌ഇബി കല്ലായി സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റുകയും റിംഗ് മെയിൻ യൂണിറ്റുകൾ (ആർഎയു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുവയൽ കല്ലേരി സായി കൃപയിൽ വി രജീഷ് കുമാറിനെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയും കെഎസ്‌ഇബി ഇലക്ട്രിസിറ്റി വർക്കറുമായ സുബൈർ വി. ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് രണ്ടിന് അർദ്ധരാത്രിയാണ് കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ പതിമൂന്നോളം ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് വയർ മുറിച്ചും ആറ് ആർഎംയുകൾ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ പ്രതികൾ ഇരുട്ടിലാക്കിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്നും ഇവർ കൃത്യം ചെയ്യുന്നത് കണ്ടെത്തിയിരുന്നു. നേരത്തെ കരാറടിസ്ഥാനത്തിൽ വാഹന കോൺട്രാക്ടറായിരുന്ന രാജേഷിനെ കൃത്യനിർവ്വഹണത്തിലെ ക്രമക്കേടുകളെത്തുടർന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണ് ഈ പ്രവൃത്തിക്കുപിന്നിൽ എന്നാണ് പൊലീസ് പറയുന്നത്.

വൈദ്യുതി തടസം സംബന്ധിച്ച പരാതി പരിഹരിക്കാനെത്തിയ ജീവനക്കാരാണ് ഫ്യൂസ് വയർ മുറിച്ചുമാറ്റിയതായും ആർഎംയു ഓഫ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയത്. ഇവർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കെഎസ്‌ഇബി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. തുടർന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലത്തെത്തി സംയുക്തമായി വിശദമായ പരിശോധന നടത്തുകയും ചെയ്തു.

കേസിലെ രണ്ടാം പ്രതിയായ സുബൈറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വൈദ്യുതി തടസം കാരണം ഉപഭോക്താക്കൾക്കും കെഎസ്‌ഇബിക്കും ഉണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു. പ്രതികൾക്കെതിരെ കെഎസ്‌ഇബി വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.