തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത ആൻഡി ഡ്രോൺ സിസ്റ്റം മുതൽ ഒരു കിലോമീറ്റർ ദൂരപരിധിയുള്ള ഗലിൽ സ്‌നൈപ്പർ വരെ നീളുന്ന വ്യത്യസ്ത അസോൾട്ട് റൈഫിളുകളുടെ നീണ്ടനിര. റഷ്യൻ നിർമ്മിത ഇഗ്ള മിസൈൽ മുതൽ ഓസ്ട്രിയൻ നിർമ്മിത കുഞ്ഞൻ പിസ്റ്റൾ വരെ. വ്യോമസേനയെ അടുത്തറിയാൻ ദക്ഷിണ വ്യോമസേന സംഘം ലുലു മാളിൽ നടത്തുന്ന പ്രദർശനം ശ്രദ്ധേയമായി. ബാൾസ എന്ന കനം കുറഞ്ഞതും ശക്തി കൂടിയതുമായ തടിയിൽ തീർത്ത എയ്‌റോ മോഡലിംഗ് മാതൃകകളുമായി എൻ.സി.സി വിദ്യാർത്ഥികളും പ്രദർശനത്തിലുണ്ട്. ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ 40ാം വാർഷികത്തിന്റെ ഭാഗമായാണ് ലുലു മാളുമായി ചേർന്ന് ലുലു മീറ്റ് ദി ഈഗിൾസ് എന്ന പരിപാടി സംഘടിപ്പിച്ചത്. എയർ മാർഷൽ മാനവേന്ദ്ര സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. വ്യോമസേനയിലെ ജോലി സാദ്ധ്യതകളെക്കുറിച്ചുള്ള പബ്ലിസിറ്റി സ്റ്റാൾ, എൻ.സി.സി സ്റ്റാൾ, എയർഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷന്റെ സ്റ്റാൾ തുടങ്ങിയവ ശ്രദ്ധനേടി.