ന്യൂഡൽഹി: വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസ് വിടാനൊരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ ശക്തമായി.മെഗാ ആക്ഷന് മുന്നോടിയായി ടീം ക്യാപ്ടൻ കൂടിയായ പന്തിനെ ഡൽഹി റിലീസ് ചെയ്യുമെന്ന് ദേശീയ മാധ്യമമായ ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു. ഡൽഹി വിടുന്ന പന്ത് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയേക്കുമെന്നാണ് വിവരം. എം.എസ് ധോണി വിരമിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ബാറ്ററെ തേടുന്ന ചെന്നൈയ്ക്ക് മികച്ച ഓപ്ഷനാണ് പന്ത്. ഡൽഹിക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും മത്സരങ്ങൾ കളിച്ചതുമായ താരമാണ് പന്ത്. 2018 മുതൽ ടീമിന്റെ പരിശീലകനായിരുന്ന മുൻഓസീസ് നായകൻ റിക്കി പോണ്ടിംഗുമായുള്ള കരാർ ഡൽഹി അവസാനിപ്പിച്ചിരുന്നു.