chittur

ചിറ്റൂർ: ചിറ്റൂർപ്പുഴ ആലാങ്കടവ് ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കുടുങ്ങിയ വിദ്യാർത്ഥികളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി വേമ്പ്ര പോത്തനായക്കൻ ചള്ളയിൽ അനിൽകുമാറിന്റെ മകൻ അഭിനവ് (13), അച്യുതന്റെ മകൻ അജിൽ (15) എന്നിവരാണ് പുഴയിൽ കുടുങ്ങിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന വാക്കിനി ചള്ള പുത്തൻപാലം കലാധരന്റെ മകൻ സുനിൽ (14) നീന്തിക്കയറി രക്ഷപ്പെട്ടു. സുനിലാണ് നാട്ടുകാരോട് വിവരം അറിയിച്ചത്. 150 മീറ്റർ ദൂരം ഒഴുകിപ്പോയ കുട്ടികൾ പുഴയുടെ നടുവിൽ പാറയിൽ പരസ്പരം കൈകോർത്ത് ഒരു മണിക്കൂറിലധികം പിടിച്ചുനിന്നു. ഫയർഫോഴ്സെത്തി കുട്ടികളെ കരയ്ക്കെത്തിക്കുകയായിരുന്നു. നാലു ദിവസം മുമ്പ് ഇതേ സ്ഥലത്ത് അകപ്പെട്ട കർണ്ണാടക സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരെ അതി സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.

പുഴയിൽ കുടുങ്ങിയ സുനിലിന്റെ അമ്മയുടെ വീട് പോത്തനായക്കൻചള്ളയിലാണ്. അയൽവീട്ടുകാരാണ് അഭിനവും അജിലും. മൂന്നുപേരും ആലാംകടവ് പുഴയിലിറങ്ങി കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. പാറക്കെട്ടിൽ പരസ്പരം കൈപിടിച്ചു നിന്ന ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമായതോടെ നീന്തിക്കയറിയ സുനിൽ റോഡിലെത്തി അവിടെയുണ്ടായിരുന്നവരോട് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ചിറ്റൂർ പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വടംകെട്ടി ലാഡറിലൂടെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘത്തിനൊപ്പം നാട്ടുകാരായ മണികണ്ഠൻ, സതീഷ്, സുകേഷ് എന്നിവരാണ് പുഴയിലെ കുത്തൊഴുക്കിൽ ഇറങ്ങി കുട്ടികളെ കരയ്‌ക്കെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.