lorry

അങ്കോള (ഉത്തരകർണാടക ):അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താനുള്ള രക്ഷാദൗത്യം നേരിട്ട് വിലയിരുത്താൻ

കേന്ദ്രമന്ത്രി എച്ച്.ഡി കുമാര സ്വാമിയും കർണ്ണാടക മന്ത്രി മംഗളവൈദ്യനും സംഭവസ്ഥലം സന്ദർശിച്ചു.

അർജുൻ അടക്കം മൂന്ന് പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് നിഗമനം. ഹുഗ്ളിയിൽ നിന്ന് മംഗളൂരുവിലേക്ക് ലോറിയുമായി പോവുകയായിരുന്ന തമിഴ്നാട് നാമക്കൽ സ്വദേശി ശരവണനാണ് കാണാതായ മറ്റൊരാൾ.

കോഴിക്കോട് നിന്ന് ലോറി ഉടമ മനാഫും അർജുന്റെ സഹോദരൻ ജിതിനും ബന്ധുക്കളും ഷിരൂരിലുണ്ട്. ഗോവ-മംഗ്ളുരു ദേശീയപാതയിൽ ഗംഗോലി പുഴക്കരയിലെ അങ്കോള ഷിരൂർ മലഞ്ചെരുവിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ അർജുനെയും ലോറിയും കാണാതായത് 16ന് പുലർച്ചെയാണ്.

ആറ് വരി ദേശീയ പാതയ്ക്കു വേണ്ടി വലിയ മല കുത്തനെ വെട്ടി ഇറക്കിയതാണ് ദുരന്തം വരുത്തിവച്ചതെന്ന് ആക്ഷേപമുണ്ട്. മലയിടിഞ്ഞ് 60,000 ടണ്ണോളം കല്ലും മണ്ണും പാതയിൽ പതിച്ചെന്നാണ് വിദഗ്ധർ പറയുന്നത്.