മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി. നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹെെറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവ്, മാതാവ്, അമ്മാവൻ എന്നിവർ ക്വാറന്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്‌ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെയും നിരീക്ഷണത്തിലാക്കി. ഈ കുട്ടിക്ക് പനിബാധയുള്ളതിനാൽ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക് ധരിക്കണമെന്ന് കർശന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കടകൾ രാവിലെ 10 മുതൽ അഞ്ച് മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾക്കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.
ജൂലായ് 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പനി ബാധിച്ചത്. 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വെെറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിര രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐസിയുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ മുൻപ് തന്നെ ആരംഭിച്ചിരുന്നു. കുട്ടിക്ക് രോഗബാധയുണ്ടായത് വയനാട്ടിലേക്കുള്ള ടൂറിനിടെ കഴിച്ച അമ്പഴങ്ങയിൽ നിന്നാണെന്നാണ് സംശയം. ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
മലപ്പുറത്ത് കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി അനുസരിച്ചുള്ള 25 കമ്മിറ്റികൾ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റിബോഡി പൂനെ വെെറോളജി ലാബിൽ നിന്ന് അയച്ചിട്ടുണ്ട്. ഇത് ഞായറാഴ്ച രാവിലെ കേരളത്തിലെത്തും. മറ്റ് മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ എം എസ് സി എല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.