കളിയിക്കാവിള : തമിഴ്നാട്ടിലെ പ്രാചീന പരമ്പരാഗത നാട്ടുവൈദ്യ ചികിത്സാ രീതിയായ ചിന്താർമണി നാട്ടുവൈദ്യത്തെ ജനകീയവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരമ്പരാഗത നാട്ടുവൈദ്യസംഗമത്തിന്
കന്യാകുമാരി ജില്ലയിലെ പടന്താലുമൂടിൽ തുടക്കമായി. മെതുകുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ഡി. സുരേഷ്‌കുമാർ അധ്യക്ഷനായിരുന്നു. കളിയിക്കാവിള പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് , പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുസ്മിത എന്നിവർ മുഖ്യാതിഥികളായിരുന്നു.
പടന്താലുമൂട് സി.എസ്. ഐ പ്രസ്ബിറ്റർ റവ. പി.ഇ. സിമിയോൻ അനുഗ്രഹ പ്രഭാഷണം നടത്തി.
കേരള സർവ്വകലാശാല മലയാളവിഭാഗം മുൻ മേധാവി ഡോ. എൻ. സാം, സിദ്ധ - മർമ്മ ചികിത്സാ വിദഗ്ധൻ പ്രൊഫ. വി. ഗണപതി, കഠിന യോഗ കളരി ആചാര്യൻ വാസുദേവ കിഷോർ ഗുരുക്കൾ, ട്രെഡീഷണൽ സിദ്ധ വർമ്മ ഹീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച്ച് ഫൗണ്ടേഷൻ സെക്രട്ടറി പ്രിൻസ് വൈദ്യർ സ്വാഗതവും വൈസ് പ്രസിഡന്റ് സി. അപ്പു വൈദ്യർ നന്ദിയും പറഞ്ഞു.
രോഗമില്ലാത്ത ജീവിതത്തിന് മില്ലറ്റുകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, സിദ്ധ പ്രൊഫ. ഗണപതി എന്നിവർ നേതൃത്വം നൽകി.
കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും പ്രമുഖരായ പാരമ്പര്യ വൈദ്യൻമാരും ചിന്താർമണി നാട്ടുവൈദ്യ വിദ്യാർത്ഥികളായ സിദ്ധ, ആയുർവേദ, അലോപ്പതി ഡോക്ടർമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഔഷധസസ്യ പ്രദർശനം, സെമിനാറുകൾ, സൗജന്യ സിദ്ധ -മർമ്മ ചികിത്സ ക്യാമ്പ്, മർമ്മ മാജിക്, കളരി, ചിലമ്പം, ജൂജുട്സു, യോഗ എന്നിവയുടെ പ്രദർശനവും ഇതോടൊപ്പം നടന്നു വരുന്നു. ജൂലൈ 21ന് ഗുരുപൂണ്ണിമ ദിനത്തിൽ വൈദ്യശ്രേഷ്ഠന്മാർക്ക് ആദരവ് നൽകി അനുഗ്രഹം വാങ്ങുന്ന ചടങ്ങോടെ പരിപാടികൾ സമാപിക്കും.