sumathi-valavu

കേരളത്തിലെ നിഗൂഢതകളുടെ ചരിത്രത്തിലെ മുൻനിരയിലെ പേരാണ് സുമതി വളവ്. നിരവധി അഭ്യൂഹങ്ങൾ ഇതിനെ ചുറ്റിപറ്റി പ്രചാരത്തിലുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് പാലോട്. പാലോട് നിന്ന് കല്ലറയിലേക്ക് പോകുന്ന വഴി 4.7 കിലോമീറ്റർ അകലെയാണ് സുമതി വളവ്. ഇതിനടുത്താണ് മൈലമൂട് ജംഗ്ഷനും. സുമതി വളവ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസിൽ ഒരു ചിന്ത തോന്നാം. ഈ പേര് എങ്ങനെ വന്നുവെന്ന്. ഈ പേരിന് പിന്നിൽ വലിയ ഒരു കഥയുണ്ടെന്നത് എത്ര പേർക്ക് അറിയാം.

സുമതി എന്ന ഒരു യുവതി ഈ വളവിൽ കൊല്ലപ്പെട്ടുവെന്നും ഇന്നും അവരുടെ ആത്മാവ് അവിടെ അലഞ്ഞുനടക്കുന്നുവെന്നും ചിലർ വിശ്വസിക്കുന്നു. പണ്ട് നിരവധി കഥകളും ഇതിനെ ചുറ്റിപറ്റി ജനങ്ങൾ പറയുമായിരുന്നു. 1953 ജനുവരി 27ന് നടന്ന സംഭവത്തിന്റെ സത്യവസ്ഥ ഇന്നും ജനങ്ങൾക്ക് അറിയില്ലെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. സുമതി കേസിലെ ഒന്നാം പ്രതിയും സുമതിയുടെ കാമുകനുമായ രത്നാകരന്റെ അനന്തരവൻ ഉണ്ണികൃഷ്ണന് ഇക്കാര്യത്തെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്. അദ്ദേഹം കേരള കൗമുദി ഓൺലെെനിനോട് പറഞ്ഞ വാക്കുകൾ,

sumathi-valavu

ചരിത്രം ഇങ്ങനെ

കാരേറ്റിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് രത്നാകരൻ. ഇയാളുടെ വാഴത്തോട്ടത്തിന് സമീപത്താണ് സുമതിയെന്ന സുന്ദരിയായ യുവതിയുടെ വീട്. വാമനപുരം ചന്തയിലാണ് യുവതിയുടെ അമ്മ ജോലി ചെയ്തിരുന്നത്. പതുക്കെ സുമതിയും രത്നാകരനും ഇഷ്ടത്തിലായി. സുമതിയ്ക്ക് വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. വലിയ കുടുംബക്കാരും സമ്പന്നമായി ഉയർന്നു നിൽക്കുന്നവരുമായിരുന്നു രത്നാകരന്റെ കുടുംബം. അതിനാൽ തന്നെ ഇവരുടെ വിവാഹത്തിന് എതിർപ്പ് ഉണ്ടായിരുന്നു. ഇതിനിടെ സുമതി ഗർഭിണിയായി. തുടർന്ന് തന്നെ കല്യാണം കഴിക്കാൻ യുവതി നിർബന്ധിച്ചു. അങ്ങനെയാണ് രത്നാകരനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ രവീന്ദ്രനും ചേർന്ന് സുമതിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്.

ഇടയ്ക്ക് ഭരതന്നൂർ വരാറുള്ള രത്നാകരന് മെെലമൂട് കാട് പരിചിതമാണ്. തുടർന്ന് അവിടെ വച്ച് കൊല്ലാൻ തീരുമാനിക്കുന്നത്. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയമായിരുന്നു അത്. ഉത്സവത്തിന് എന്ന് പറഞ്ഞ് സുമതിയെ കൂട്ടി കാറിൽ രത്നാകരനും സുഹൃത്തും ചേർന്ന് മെെലമൂട് എത്തുന്നു. ഫോറസ്റ്റ് ഓഫീസ് കഴിഞ്ഞ് കാർ നിർത്തി മൂവരും കാടിനുള്ളിലേക്ക് നടന്നു. അതുവഴി പോകാൻ വഴിയുണ്ടെന്നാണ് സുമതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

sumathi-valavu

ഉൾക്കാട്ടിൽ എത്തിയെന്ന് കരുതിയാണ് സുമതിവളവിന്റെ ഭാഗത്തായി കൊലപാതകം നടത്തിയത്. രത്നാകരൻ സുമതിയുടെ കെെപിടിച്ച് വയ്ക്കുകയും സുഹൃത്തായ രവീന്ദ്രൻ കഴുത്ത് അറുക്കുകയുമായിരുന്നു. ശേഷം പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിറക് ഒടിക്കാനായി കാട്ടിനുള്ളിൽ കയറിവരാണ് ആദ്യമായി മൃതദേഹം കാണുന്നത്. പിന്നെ ഈ സംഭവം വലിയ ചർച്ചയാകുകയും കേസിൽ അന്വേഷണം പുരോഗമിക്കുകയും ചെയ്തു.

കുറച്ച് നാൾ കുടുംബ വീട്ടിൽ ഒളിച്ച് താമസിച്ച് രത്നാകരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രവീന്ദ്രനെയും അറസ്റ്റ് ചെയ്തു. ഇവർക്ക് കോടതി 12 വർഷം തടവ്ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് ശേഷം രത്നാകരൻ കനകനഗറിലാണ് താമസിച്ചിരുന്നത്.വർഷങ്ങൾക്ക് ശേഷം ഹൃദയഘാതം മൂലമാണ് രത്നാകരൻ മരിച്ചത്. മരിക്കുന്ന സമയത്ത് അമ്പലമുക്കിലായിരുന്നു താമസിച്ചിരുന്നത്. രത്നാകരന് മൂന്ന് മക്കൾ ഉണ്ടായിരുന്നു.

sumathi-valavu

സുമതിയുടെ ആത്മാവ്

സുമതിയുടെ ആത്മാവ് / പ്രേതം ഉണ്ടെങ്കിൽ ആദ്യം പ്രതികാരം ചെയ്യേണ്ടത് രത്നാകരനോടും രവീന്ദ്രനോടും അല്ലേയെന്നാണ് ഉണ്ണി കൃഷ്ണൻ പറഞ്ഞത്. താൻ പലതവണ അതുവഴി പോയിട്ടുണ്ടെന്നും അത്തരത്തിൽ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെെലമൂട്ടിലുള്ള സാമൂഹ്യവിരുദ്ധരാണ് സുമതിയുടെ ആത്മാവ് അവിടെയുണ്ടെന്ന് പറയുന്നതും ആളുകളെ പേടിപ്പിക്കുന്നതും. അല്ലാതെ സുമതി അവിടെ ജനങ്ങളെ പേടിപ്പിച്ചിട്ടില്ല. മരിക്കുന്ന സമയം സുമതിയുടെ വയറ്റിൽ ഉണ്ടായിരുന്നത് ഒരു പെൺകുട്ടിയായിരുന്നുവെന്ന് അമ്മ പറഞ്ഞതായി ഓർക്കുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

sumathi-valavu


പാട്ടുപുസ്തകം

ഈ കൊലപാതകം നടന്ന ശേഷം സുമതി കൊലക്കേസ് എന്ന പാട്ടുപുസ്തകം ഇറങ്ങിയിരുന്നു. ചപ്ളാക്കട്ട എന്നറിയപ്പെട്ടിരുന്ന തടി കൊണ്ട് ഉള്ള ഒരു ഉപകരണം വെച്ച് പാങ്ങോട് / കല്ലറ / നന്ദിയോട് / കടയ്ക്കൽ ചന്തകളിൽ പാട്ടുപുസ്തക കച്ചവടക്കാർ പാട്ടുപാടിയിരുന്നു.

മോഷണ ശ്രമം

സുമതിയുടെ പ്രേതത്തിന്റെ പേരിൽ നിരവധി സാമൂഹിക വിരുദ്ധർ വളവിലൂടെ സ‌ഞ്ചരിക്കുന്ന ജനങ്ങളെ ഭയപ്പെടുത്തുകയും പണവും മറ്റും അപഹരിക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇപ്പോഴും പലരും ഒരു കൗതുകത്തിന് വേണ്ടി സുമതിയെ കാണാൻ വളവിൽ എത്താറുണ്ട്. അതിനാൽ തന്നെ രാത്രി കാലങ്ങളിൽ ഇവിടെ പൊലീസ് പെട്രോളിംഗ് കൂടുതലാണ്. എന്നാൽ സുമതി വളവ് സമീപത്തായി തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്നത് ഒരു പോരായ്മയാണ്.