d

സ്വയംപ്രഖ്യാപിത ആൾദൈവങ്ങളെക്കുറിച്ചുള്ള നിരവധി വാർത്തകൾ ദിനംപ്രതി നാം കേൾക്കാറുണ്ട്. എന്നാൽ അമേരിക്കയിലെ അരിസോണയിലുള്ള ഈ ആൾ ദൈവത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആരെയും ഞെട്ടിക്കും ബഹുഭാര്യത്വ സമ്പ്രദായം നിലനിൽക്കുന്ന ഒരു സമൂഹത്തിലെ മതനേതാവായാണ് വാറൻ ജെഫ്‌സ് അറിയപ്പെടുന്നത്. ഫണ്ടമന്റലിസ്റ്റ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റർഡേ സെയിന്റ്സ് എന്ന ക്രൈസ്തവ സഭയുടെ നിയമങ്ങൾ ആണ് ഈ മതസമൂഹം പിന്തുടരുന്നത്.

കൊളറാഡോ സിറ്റിയിലെ ഒരു ചെറിയ പട്ടണത്തിലായിരുന്നു വാറൻ ജെഫ്‌സിന്റെ താമസം. ഈ വിചിത്രമായ പട്ടണത്തെക്കുറിച്ച് പ്രശസ്ത ട്രാവൽ ബ്ലോഗർ ഡ്രു ബിൻസ്‌കിയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. വാറൻ ജെഫ്‌സിന് 79 ഭാര്യമാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം പലപ്പോഴും തന്റെ സമൂഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും താൻ ദൈവത്തിന്റെ മനുഷ്യരൂപമാണ് എന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. വാറൻ ജെഫ്‌സിന്റെ 65-ാമത്തെ ഭാര്യയായ ബ്രിയൽ ഡെക്കർ എന്ന യുവതിയുമായി നടത്തിയ സംഭാഷണത്തിലാണ് ഭർത്താവിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇവർ പങ്കുവച്ചത്.

44 മുറികളുള്ള കൊട്ടാര സദൃശമായ വലിയ മാളികയിലാണ് യുവതി വാറനൊപ്പം താമസിച്ചിരുന്നത്. തനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന വാറൻ, തന്റെ മതപരമായ സ്വാധീനം ഉപയോഗിച്ചാണ് നിരവധി സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്തിരുന്നത്. ഇയാളുടെ ഭാര്യമാരിൽ 12 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. അങ്ങനെ വർഷങ്ങളോളം നിരവധി ഭാര്യമാരുമായി ജീവിച്ച വാറൻ ജെഫ്സ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.

പൊലീസിന് പിടികൊടുക്കാതെ ഒളിച്ചു താമസിക്കുന്നതിനിടയിലാണ് വാറൻ ജെഫ്സ് ബ്രിയൽ ഡെക്കർ എന്ന യുവതിയെ വിവാഹം കഴിച്ചത് . അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നു. തുടർന്ന് എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ വാറൻ ജെഫ്സിന്റെ പേരും ഉൾപ്പെട്ടു.