woman

പൂനെ: സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ സംഭവത്തിൽ വയോധികനെയും ഭാര്യയെയും അറസ്​റ്റ് ചെയ്തു. പൂനെയിൽ രണ്ട് കുട്ടികൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ജെർലിൻ ഡിസിൽവ എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവത്തിൽ പ്രതിയായ സ്വപ്നിൽ കെക്രേയെയും ഭാര്യയെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്​റ്റ് ചെയ്തത്.

ദമ്പതികൾക്ക് യുവതിയുടെ വാഹനത്തിന് ഓവർടേക്ക് ചെയ്യാൻ സ്ഥലം കൊടുക്കാത്ത വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കെക്രേ യുവതിയുടെ മുടി ശക്തമായി വലിച്ച് മൂക്കിൽ ബലമായി ഇടിക്കുകയായിരുന്നു. ഇതോടെ ജെർലിന്റെ മൂക്കിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടാകാൻ തുടങ്ങി. ഡിജി​റ്റൽ കണ്ടന്റ് ക്രിയേ​റ്ററായ യുവതി സംഭവത്തെക്കുറിച്ചുളള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തുവന്നത്.

'രണ്ട് മക്കളോടൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്നു. രണ്ട് കിലോമീ​റ്ററോളം പ്രതി അമിത വേഗത്തിൽ പിന്നാലെ വരികയായിരുന്നു. ഞാൻ ഇടതുവശത്തേക്ക് സ്കൂട്ടർ മാറ്റി. പക്ഷെ അയാൾ എന്നെ ഓവർടേക്ക് ചെയ്ത് സ്‌കൂട്ടറിന്റെ മുൻപിൽ കാർ നിർത്തുകയായിരുന്നു. ദേഷ്യപ്പെട്ട് കാറിൽ നിന്നിറങ്ങിയ സ്വപ്നിൽ എന്നെ രണ്ട് തവണ അടിച്ചു. എന്റെ മുടി വലിച്ചു. എന്നോടൊപ്പം കുട്ടികൾ ഉണ്ടെന്ന യാതൊരു പരിഗണനയും അയാൾ തന്നില്ല. ഈ നഗരം സുരക്ഷിതമാണോ? ആളുകൾ എത്ര ക്രൂരമായാണ് പെരുമാറുന്നത്. എന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായി. ഇത് കണ്ട മ​റ്റൊരു സ്ത്രീയാണ് എന്നെ സഹായിച്ചത്'- യുവതി വീഡിയോയിൽ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ജെർലിന്റെ ബന്ധുവും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'ഒരു കാരണവുമില്ലാതെയാണ് അയാൾ ജെർലിൻ ഡിസിൽവേയെ ആക്രമിച്ചത്. അയാളുടെ ഭാര്യ ആക്രമണം തടയാൻ ശ്രമിച്ചില്ല. സംഭവത്തിൽ കുട്ടികൾക്ക് യാതൊരു പരിക്കും സംഭവിച്ചിട്ടില്ല. പക്ഷെ അവർ ഭയന്ന് നിലവിളിക്കുകയായിരുന്നു'- അദ്ദേഹം പറഞ്ഞു.