job-offer

കേരളത്തെയാകെ വിറപ്പിച്ച ദുരന്തമാണ് 2018ലെ പ്രളയം. പ്രളയമുഖത്ത് കേരളമാകെ ഒന്നായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് വൻ തൊഴിലവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ. ഫിഷറീസ് വകുപ്പിന് കീഴിൽ കരാറടിസ്ഥാനത്തിലാണ് നിയമനം.

തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്‌ക്യൂ ബോട്ടുകളിലേയ്ക്ക് ലൈഫ് ഗാർഡ് അഥവാ കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം.

20നും 45നും വയസിനിടയിലാണ് പ്രായപരിധി. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ കഴിവുള്ളവരായിരിക്കണം. കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. സീ റെസ്‌ക്യൂ സ്‌ക്വാഡ്, ലൈഫ് ഗാർഡ് എന്നീ തസ്‌തികകളിൽ ജോലി ചെയ്തിട്ടുള്ളവർ, തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർ, 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷ നൽകാൻ താത്‌പര്യമുള്ളവർ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടറുടെ കാര്യാലയത്തിൽ വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലായ് 25ന് മൂന്ന് മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. അഭിമുഖം ജൂലായ് 29ന് രാവിലെ പതിനൊന്ന് മണിക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നടക്കും.