sona-nair

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സോനാ നായർ. മോഹൻലാൽ ചിത്രമായ നരനിൽ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തലുകൾ. നരനിലെ കഥാപാത്രം ഏറെ പ്രതീക്ഷയോടെയാണ് ചെയ്തതെന്നും സോനാ നായർ പറ‌ഞ്ഞു.

നരനിൽ മോഹൻലാലിനെ അല്ലാതെ മുളളൻകൊല്ലി വേലായുധനായി മ​റ്റൊരു നടനെയും നമുക്ക് സങ്കൽപ്പിക്കാൻ പ​റ്റില്ല. ലാലേട്ടൻ അത്ര വർക്ക് ചെയ്ത ഒരു കഥാപാത്രമാണ് അത്. സാഹസിക രംഗങ്ങളെല്ലാം മൈസൂരിൽ വച്ചാണ് ചിത്രീകരിച്ചത്. സിനിമയിൽ കാണിച്ച പല കാര്യങ്ങളും ഉളളതായിരുന്നു. ലാലേട്ടൻ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. അന്ന് സിനിമ ഹി​റ്റായിരുന്നു.

'കുന്നുമ്മേൽ ശാന്ത മുളളൻകൊല്ലിയിൽ ഒരാളേ മാത്രമേ പ്രണയിച്ചിട്ടുളളൂ. വേലായുധനെയാണ് പ്രണയിച്ചത്. പക്ഷെ വേലായുധൻ അത് ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. വേലായുധന് എപ്പോഴും ശാന്തയെ സംരക്ഷിക്കണം. അങ്ങനെയായിരുന്നു കഥാപാത്രം. നിവൃത്തിയില്ലാത്തതിനാലാണ് ശാന്ത പല ജോലികളും ചെയ്തിരുന്നത്. ശാന്തയുടെ അവസ്ഥ വേലായുധന് മനസിലാകുമായിരുന്നു. ശാന്തയുടെ കാവൽക്കാരനായിരുന്നു വേലായുധൻ. അഭിനയിച്ച എല്ലാ സിനിമകൾക്കും ഡബ് ചെയ്യുന്നത് ഞാൻ തന്നെയായിരുന്നു. പക്ഷെ നരനിൽ അത് ചെയ്യാൻ പ​റ്റിയില്ല'- താരം പറഞ്ഞു.

കാംബോജി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും സോനാ നായർ വ്യക്തമാക്കി.'കാംബോജിയിൽ നാരായണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിനോദ് മങ്കരയായിരുന്നു സംവിധായകൻ. അദ്ദേഹം എന്റെയും ഭർത്താവിന്റെയും അടുത്ത സുഹൃത്താണ്. സിനിമയിൽ മൂന്ന് നായികമാരുണ്ട്. അവരിൽ ഒരാളായാണ് ഞാൻ അഭിനയിച്ചത്. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ അത് ചെയ്യണമെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ടായി. കഥകളി പാട്ടുകൾ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്.

എനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ച ഒരു കഥാപാത്രമായിരുന്നു അത്. ചിത്രത്തിൽ ഒരു ലൗ മേക്കിംഗ് സീനുണ്ട്. ഞാൻ ആദ്യമായാണ് അത്തരത്തിൽ ഒരു സീൻ ചെയ്യുന്നത്. സംവിധായകൻ അത് പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഒരു സങ്കോചമുണ്ടായി. നായകനായ വിനീതേട്ടൻ എനിക്ക് പൂർണപിന്തുണ നൽകിയിരുന്നു. അതിനേക്കാൾ സിനിമ കണ്ടതിനുശേഷമുളള വീട്ടുകാരുടെയും മ​റ്റുളളവരുടെയും പ്രതികരണം എന്താണെന്നുളള പരിഭ്രമം ഉണ്ടായിരുന്നു. ഭർത്താവ് സിനിമയിൽ പ്രവർത്തിക്കുന്ന ആളായതുകൊണ്ട് കാര്യങ്ങളൊക്കെ അറിയാമായിരുന്നു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അന്ന് വലിയ സന്തോഷമുണ്ടായിരുന്നു' - സോനാ നായർ പറഞ്ഞു.