മുംബായ്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി - 20 ടീമുകളിൽ ഓപ്പണിംഗ് ബാറ്റർ ഋതുരാജ് ഗെയ്കവാദിന് ഇടം ലഭിക്കാത്തതിൽ രൂക്ഷ വിമർശനം. മുൻ ഇന്ത്യൻ താരം എസ് ബദ്രിനാഥാണ് വിമർശനവുമായി രംഗത്തെത്തിയത്. ശ്രീലങ്കൻ പര്യടനത്തിൽ ഋതുരാജ് കളിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ബദ്രിനാഥ് പറഞ്ഞു. റിങ്കു സിംഗ്, ഋതുരാജ് ഗെയ്കവാദ് എന്നീ നല്ല താരങ്ങൾക്ക് പലപ്പോഴും ടീമിൽ അവസരം നിഷേധിക്കുകയാണെന്ന് ബദ്രിനാഥ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ തുറന്നുപറയുന്നു.
'റിങ്കു സിംഗ്, ഋതുരാജ് ഗെയ്കവാദ് തുടങ്ങിയർക്കൊന്നും ടീമിൽ സ്ഥാനമില്ല. നിങ്ങൾക്ക് ബോളിവുഡ് നടികളുമായി ബന്ധം വേണമെന്ന് ചിലപ്പോൾ തോന്നും. നല്ലൊരു മീഡിയ മാനേജരും ശരീരത്തിൽ ടാറ്റുവും ഉണ്ടാകേണ്ടത് ആവശ്യമാണ്' - ബദ്രിനാഥ് പറഞ്ഞു.
Shocked and surprised not to see Ruturaj Gaikwad in the Indian Team for both T20I and ODIs.
— S.Badrinath (@s_badrinath) July 20, 2024
My Thoughts 🎥🔗 https://t.co/EBKnryFSUM#INDvSL #CricItWithBadri pic.twitter.com/OilIH1J4CB
സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി - 20 പരമ്പയിൽ കളിച്ച ഋതുരാജ് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ്, 77, 49 സ്കോറുകളാണ് നേടിയത്. അഞ്ചാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി - 20 ടീമിൽ നിന്ന് ഋതുരാജ് പുറത്തായത്. വെെസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളാണ് പരമ്പരയിൽ ടീം ഇന്ത്യയുടെ ഓപ്പണർ.