e

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഇന്നലെ രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർത്ഥാടകർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. പരിക്കേറ്റ എട്ടു പേർ ചികിത്സയിലാണ്. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്നു തീർത്ഥാടകർ. ചിർബാസയ്ക്ക് സമീപമെത്തിയപ്പോൾ മണ്ണിടിയുകയായിരുന്നു. മേഖലയിൽ കനത്ത മഴയാണ്.

മണ്ണിന് പുറമേ പാറക്കല്ലുകൾ ഇടിഞ്ഞ് വീണത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് അപകടവിവരം ലഭിച്ചതെന്നും ഉടൻ സ്ഥലത്തെത്തിയെന്നും പൊലീസ് അറിയിച്ചു. എസ്.ഡി.ആർ.എഫ്,​ എൻ.ഡി.ആർ.എഫ് സംഘം രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ പൊലീസിന് കൈമാറി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തി.