അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകൾ ലോകശ്രദ്ധ നേടിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയും ഫാർമ വ്യവസായ മേഖലയിലെ പ്രമുഖരായ വിരെൻ, ഷെയ്‌ല മർച്ചന്റുമാരുടെ മകളായ രാധിക മർച്ചന്റുമായുള്ള വിവാഹം ജൂലായ് 12നാണ് നടന്നത്.
വിവാഹച്ചടങ്ങിൽ തിളങ്ങിയ മറ്റൊരു അംബാനി കൂടിയുണ്ടായിരുന്നു, അംബാനികളുടെ വളർത്തുനായയായ ഹാപ്പി അംബാനി. വിവാഹച്ചടങ്ങുകളിൽ ഡിസൈനർ വസ്ത്രങ്ങളിൽ തിളങ്ങിയ ഈ ഗോൾഡൻ റിട്രീവറുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.
അത്യാഡംബര ജീവിതം നയിക്കുന്ന അംബാനികളുടെ വളർത്തുനായയും അതേ ജീവിതചസാഹചര്യങ്ങളിൽ തന്നെയാണ് വളരുന്നത്. മൂന്ന് കോടിയുടെ മെർസിഡസ് ബെൻസ് ജി400ഡി മോഡൽ കാറിലാണ് അനന്ദ് അംബാനിയുടെ വളർത്തുനായയായ ഹാപ്പിയുടെ യാത്ര. ഈ ഡീസൽ എസ് യു വിയുടെ ചിത്രങ്ങൾ അടുത്തിടെ ചർച്ചയായിരുന്നു.
ബെൻസിനുമുൻപ് 50 ലക്ഷത്തിന്റെ ടൊയോട്ട ഫോർച്യൂണറിലും 1.5 കോടിയുടെ ടൊയോട്ട വെൽഫൈയറിലുമായിരുന്നു ഹാപ്പിയുടെ യാത്ര. മെർസിഡസ് ബെൻസ് ജി400ഡി മോഡലിന് ഏകദേശം 2.55 കോടി രൂപയാണ് എക്‌സ് ഷോറൂം വില.
ജി350ഡിക്ക് പകരക്കാരനായി വന്ന ജി400ഡി ഈ വർഷമാദ്യമാണ് അവതരിപ്പിച്ചത്. 3.0 ലിറ്റർ ഒഎം656, ഇൻ-ലൈൻ 6 സിലിണ്ടർ ഡീസൽ എഞ്ചിൻ, 330 പിഎസ് 700 എൻഎം പീക്ക് ടോർക്ക്, 9- സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് ഈ എസ്‌യുവിയുടെ സവിശേഷതകൾ.