എ.ഐ ക്യാമറയെ പറ്റിക്കാൻ കാറിന്റെ നമ്പർ സ്കൂട്ടറിന്
അങ്കമാലി: വ്യാജനമ്പർ പതിച്ച് മാസങ്ങളോളം എഐ ക്യാമറയെ കബളിപ്പിച്ച സ്‌കൂട്ടർ മോട്ടർ വാഹനവകുപ്പ് പിടികൂടി. ഗതാഗതമന്ത്രി അങ്കമാലിയിൽ ദേശീയപാത പരിശോധനയ്ക്കു വന്നപ്പോൾ ഈ സ്‌കൂട്ടർ ഗതാഗത തടസം സൃഷ്‌ടിക്കുകയും നിയമലംഘനം നടത്തുകയും ചെയ്തിരുന്നു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.ബി.ഗണേഷ് കുമാർ സ്‌കൂട്ടറിനെ സംബന്ധിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അനൂപ് വർക്കിയോട് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിൽ ഈ സ്‌കൂട്ടർ കാലങ്ങളായി നിയമലംഘനം തുടരുന്ന വാഹനമാണെന്നും അങ്കമാലി സ്വദേശി സേവ്യറിന്റേതാണെന്നും മോട്ടർ വാഹനവകുപ്പ് കണ്ടെത്തുകയായിരുന്നു. കാറിന്റെ നമ്പറാണ് സ്കൂട്ടറിൽ പതിച്ചിരുന്നത്. വാഹനം മുമ്പ് കടന്നു പോയ മേഖലകളിൽ നിരീക്ഷണം നടത്തിയും സമാനനിറത്തിലുള്ള സ്‌കൂട്ടറുകൾ വാങ്ങിയവരെ ഉൾപ്പെടെ അന്വേഷണം നടത്തിയുമാണ് സ്‌കൂട്ടർ അങ്കമാലി ഭാഗത്തുനിന്നു പിടികൂടിയത്. കൂടുതൽ നടപടികൾക്കായി വാഹനം അങ്കമാലി പൊലീസിനു കൈമാറി. ജോ. ആർ.ടി.ഒ സുൽഫിക്കർ, ഉദ്യോഗസ്‌ഥരായ ജഗൻലാൽ, സിജു ജോസഫ്, ജെയിംസ് ജോസഫ്, സഗീർ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.