മംഗളൂരു: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനായുളള രക്ഷാദൗത്യത്തിൽ പ്രതിസന്ധി. അർജുനായി തെരച്ചിൽ നടത്തിയ മൺകൂനയിൽ ലോറി ഇല്ലെന്ന് കണ്ടെത്തൽ. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈര ഗൗഡ സ്ഥിരീകരിച്ചു.
പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ ഇതിൽ കൂടുതൽ മണ്ണെടുക്കാനാകില്ല. ഇനിയും മണ്ണ് നീക്കിയാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർപരിശോധന സൈന്യത്തിന്റെ തീരുമാനപ്രകാരമായിരിക്കും. പുഴയിലെ പരിശോധന അതിസങ്കീർണമാണ്. പരിശോധന തുടരുന്നതിൽ നാവികസേനയുടെ നിർദേശത്തിനായി കാക്കുകയാണ്. തെരച്ചിലിൽ വിവേചനം കാട്ടിയിട്ടില്ല. ഇന്ത്യയുടെ എല്ലാ ഭാഗത്തുള്ളവരും നമ്മുടെ മനുഷ്യർ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്തെ ഗംഗാവലി പുഴയിൽ അർജുനായുള്ള തിരച്ചിൽ നടത്താനുള്ള ആലോചനയിലാണ് അധികൃതർ.
രക്ഷാപ്രവർത്തനത്തിനായി ഉച്ചയോടെ സൈന്യം എത്തിയിരുന്നു. ബെലഗാവി ക്യാമ്പിൽ നിന്നുള്ള സംഘമാണ് രക്ഷാദൗത്യത്തിനായി എത്തിയത്. മൂന്ന് സൈനിക വാഹനങ്ങളിലായി 40 അംഗസംഘമാണ് എത്തിയത്. കഴിഞ്ഞ ദിവസമാണ് സൈന്യത്തെ എത്തിക്കാനുളള ആവശ്യം കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപകടസ്ഥലം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സന്ദർശിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് ഷിരൂരിൽ പെയ്തുകൊണ്ടിരുന്നത്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.