apex

കോടിക്കണക്കിന് വർഷം പഴക്കമുള്ള അപൂർവ ദിനോസർ ഫോസിൽ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി അമേരിക്കൻ ശതകോടീശ്വരൻ കെൻ ഗ്രിഫിൻ. സ്റ്റെഗൊസോറസ് ദിനോസർ സ്പീഷീസിന്റെ ലഭ്യമായ ഫോസിലുകളിൽ ഏ​റ്റവും വലുതായ ' ഏപെക്സി' നെ 4.46 കോടി ഡോളറിനാണ് ഗ്രിഫിൻ സ്വന്തമാക്കിയത്. ഇതോടെ ലേലം ചെയ്യപ്പെട്ട ഏ​റ്റവും മൂല്യമേറിയ ഫോസിൽ എന്ന റെക്കോഡ് ഏപെക്സിന് ലഭിച്ചിരിക്കുകയാണ്.

ബുധനാഴ്ച ന്യൂയോർക്കിൽ സതബീസ് ഓക്ഷൻ ഹൗസാണ് ഫോസിലിന്റെ ലേലം നടത്തിയത്. ഹെഡ്ജ് ഫണ്ട് കമ്പനിയായ സി​റ്റാഡലിന്റെ സ്ഥാപകനും സിഇഒയുമാണ് ഗ്രിഫിൻ. 60 ലക്ഷം ഡോളറായിരുന്നു ഏപെക്സിന് പ്രതീക്ഷിച്ചിരുന്നത്. 3780 കോടി ഡോളറിന്റെ ആസ്തിയാണ് ഗ്രിഫിനുള്ളത്. യുഎസിലെ മ്യൂസിയങ്ങൾക്കോ മ​റ്റോ ഏപെക്സിനെ പാട്ടത്തിന് നൽകാനാണ് ഗ്രിഫിന്റെ തീരുമാനം.

2023ൽ യുഎസിലെ കൊളറാഡോയിലെ മോറിസൺ ഫോർമേഷന് സമീപത്ത് നിന്നാണ് ഏപെക്സിനെ ലഭിച്ചത്. 11 അടി ഉയരവും 20 അടി നീളവുമുള്ള ഫോസിലിൽ ആകെ 247 അസ്ഥികളാണുള്ളത്. ഏകദേശം 146 ദശലക്ഷം 161 ദശലക്ഷം വർഷങ്ങൾക്കിടെയിൽ ജീവിച്ചിരുന്നതാണെന്ന് കരുതുന്നു. സ്റ്റെഗൊസോറസ് ഫോസിലുകളിൽ ഏ​റ്റവും പൂർണമായത് ഏപെക്സിന്റേതാണെന്ന് അധികൃതർ പറയുന്നു.

ലണ്ടനിലെ നാഷണൽ ഹിസ്​റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സോഫിയാണ് ഏപെക്സിന് മുന്നേ ഏ​റ്റവും വലിയ സ്റ്റെഗൊസോറസ് ഫോസിൽ എന്ന റെക്കാഡ് വഹിച്ചിരുന്നത്. സോഫിയേക്കാൾ 30 ശതമാനം വലുതാണ് ഏപെക്സ്.