കൊച്ചി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വിവിധ മേഖലകളില്‍ കേരളത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. അക്കൂട്ടത്തിലൊന്നാണ് കാലങ്ങളായുള്ള കേരളത്തിന്റേയും കൊച്ചിക്കാരുടേയും ആവശ്യമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേര്‍ന്ന് ഒരു റെയില്‍വേ സ്‌റ്റേഷന്‍. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിലെ സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ ആലുവയിലോ അങ്കമാലിയിലോ ട്രെയിന്‍ ഇറങ്ങണം. എന്നാല്‍ പല ട്രെയിനുകള്‍ക്കും ഈ രണ്ട് സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതിനാല്‍ തന്നെ പലപ്പോഴും മണിക്കൂറുകള്‍ യാത്രയ്ക്ക് വേണ്ടി ചെലവാക്കേണ്ടിവരും. റോഡിലെ ഗതാഗതക്കുരുക്ക് കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറുകയും ചെയ്യും. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള ഘടകം സംസ്ഥാനത്തിന്റെ ഈ ആവശ്യം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിന് സമീപം ഒരു റെയില്‍വേ സ്റ്റേഷന്‍ വരികയാണെങ്കില്‍ അത് പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നേട്ടം ഉണ്ടാകുന്ന കാര്യമാണ്. കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നുള്ളവരും യാത്രയ്ക്കായി ഉപയോഗിക്കുന്ന വിമാനത്താവളം എന്ന നിലയില്‍ ഈ ആവശ്യം നടത്തിയെടുക്കുന്നതില്‍ സംസ്ഥാനത്തിനും താത്പര്യമുണ്ട്. അതോടൊപ്പം തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് എന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിലുണ്ട്.
കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത് കേരളത്തിലെ ടൂറിസം മേഖലയ്ക്കും ഒപ്പം ആയുര്‍വേദ പരമ്പരാഗത ചികിത്സാ രംഗത്തിന് ഉള്‍പ്പെടെ നേട്ടമുണ്ടാക്കാനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കും. അതേസമയം, ഈ വിഷയത്തില്‍ റെയില്‍വേയുടെ നിലപാട് എന്താണെന്നത് നിര്‍ണായകമാകും. ആലുവയില്‍ നിന്ന് 14 കിലോമീറ്ററും അങ്കമാലിയില്‍ നിന്ന് ഏഴ് കിലോമീറ്ററുമാണ് കൊച്ചി വിമാനത്താവളത്തിലേക്കുള്ളത്. പുതിയ സ്റ്റേഷന്‍ നിര്‍മിക്കുമ്പോള്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ് അനുവദിക്കേണ്ടിവരുമെന്നതാണ് റെയില്‍വേക്കുണ്ടാകുന്ന പ്രതിസന്ധി.