പാരീസ് ഒളിമ്പിക്സ് വെള്ളിയാഴ്ച കൊടിയേറും
പാരീസ് : ഇനി പാരീസാണ് കായിക ലോകത്തിന്റെ ഹൃദയം. ലോകമെമ്പാടുമുള്ള കായിക താരങ്ങളും കായിക പ്രേമികളും ഒരൊറ്റ ലക്ഷ്യവുമായി ഒളിമ്പിക്സ് മഹാമഹത്തിനായി പാരീസിലെത്തിത്തുടങ്ങിയിരിക്കുന്നു. നാലുനാൾ അരികെയാണ് ലോക കായിക മഹാമഹം.
ലണ്ടന് ശേഷം മൂന്ന് ഒളിമ്പിക്സുകൾക്ക് ആതിഥ്യം വഹിക്കുന്ന ആദ്യ നഗരമെന്ന ഖ്യാതി സ്വന്തമാക്കിയാണ് 100 വർഷത്തിന് ശേഷമുള്ള തങ്ങളുടെ ഒളിമ്പിക്സിന് പാരീസ് നഗരം അരങ്ങൊരുക്കിയിരിക്കുന്നത്. 1908, 1948, 2012 വർഷങ്ങളിലാണ് ലണ്ടൻ ഒളിമ്പിക്സിന് വേദിയായതെങ്കിൽ, 1900-ത്തിലും 1924- ലും ഒളിമ്പിക്സ് നടന്ന നഗരമാണ് പാരീസ്. മൂന്ന് ശീതകാല ഒളിമ്പിക്സുകൾക്കു കൂടി ഫ്രാൻസ് ആതിഥ്യമരുളിയിട്ടുണ്ട്. ജൂലായ് 26ന് പരമ്പരാഗത രീതികളിൽ നിന്ന് വ്യതിചലിച്ചുള്ള ഉദ്ഘാടനച്ചടങ്ങുമായി തുടങ്ങുന്ന 33-ാമത് ഒളിമ്പിക്സിന് ആഗസ്റ്റ് 11നാണ് തിരശീല വീഴുക.പാരീസും മറ്റ് 16 ഫ്രഞ്ച് നഗരങ്ങളുമാണ് 17 ദിവസങ്ങളിലായി നടക്കുന്ന ഒളിമ്പിക് മഹാമഹത്തിന് അരങ്ങൊരുക്കുന്നത്. തഹിതി എന്ന ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപും ഈ ഒളിമ്പിക്സിന്റെ വേദിയാണ്. മെട്രോപൊളിറ്റൻ ഫ്രാൻസ് കൂടാതെയുള്ള ഏക വേദിയാണ് തഹിതി.
206 ദേശീയ ഒളിമ്പിക് അസോസിയേഷനുകളിൽ നിന്ന് 10,714 കായിക താരങ്ങൾ പാരീസിൽ മത്സരിക്കാനെത്തും. 32 കായിക വിഭാഗങ്ങളിലായി 329 മെഡൽ ഇനങ്ങൾ. 2016-ലെയും 2020-ലെയും ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ 26 അടിസ്ഥാന സ്പോർട്സ് വിഭാഗങ്ങൾ പാരീസിലുമുണ്ട്. ബ്രേക്കിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ബ്രേക്ക് ഡാൻസ് ആദ്യമായി ഒളിമ്പിക്സിൽ മത്സരഇനമായി മാറുന്നത് പാരീസിലാണ്. യുക്രേനിയൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയേയും ബെലറൂസിനെയും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി വിലക്കിയിട്ടുണ്ട്. എന്നാൽ ഇവിടെനിന്നുള്ള കായികതാരങ്ങൾക്ക് വ്യക്തിഗത ന്യൂട്രൽ അത്‌ലറ്റുകളായി മത്സരിക്കാം.
സ്റ്റേഡിയത്തിനു പുറത്തുവച്ച് നടത്തുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് പാരീസ് ഒളിമ്പിക്സിന്റെ പ്രധാന ആകർഷണം. ആറുകിലോമീറ്റർ ദൂരം സെൻ നദിയിലൂടെ ബോട്ടുകളിലായി കായിക താരങ്ങളെ മാർച്ച് പാസ്റ്റ് ചെയ്യിച്ച് നദിക്കരയിലെ താത്കാലിക വേദിയിൽ എത്തിക്കാനും, അവിടെവച്ച് ദീപം തെളിക്കൽ ഉൾപ്പടെയുള്ള ഉദ്ഘാടനപരിപാടികൾ നടത്താനുമാണ് സംഘാടകരുടെ പദ്ധതി. പ്രമുഖ ഫ്രഞ്ച് കലാകാരൻ തോമസ് ജോളിയാണ് ഉദ്ഘാടനപരിപാടികളുടെ സംവിധാനം. ഒരു ലക്ഷം പേർക്ക് ടിക്കറ്റെടുത്ത് നദിക്കരയിലെ പ്രത്യേക സ്ഥാനങ്ങളിലിരുന്ന് ഉദ്ഘാടന ഘോഷയാത്ര അടുത്തുകാണാം. സൗജന്യമായി രണ്ടു ലക്ഷത്തോളം പേർക്ക് മാർച്ച് പാസ്റ്റും കാണാം. പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിലാണ് ആഗസ്റ്റ് 11-ലെ സമാപനച്ചടങ്ങുകൾ.