രണ്ടാം മത്സരത്തിൽ യു.എ.ഇയെ 78 റൺസിന് തോൽപ്പിച്ചു.
ദാംബുള്ള : ശ്രീലങ്കയിൽ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ഇന്നലെ യു.എ.ഇയെ 78 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് ഉയർത്തിയ ശേഷം യു.എ.ഇയെ 123/7ൽ ഒതുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ ഏഴു വിക്കറ്റിന് തോൽപ്പിച്ചിരുന്നു.
53 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെയും (29 പന്തിൽ ഒരു സിക്‌സും 12 ബൗണ്ടറിയുമടക്കം 64 റൺസ്, )ക്യാപ്ടൻ ഹർമൻപ്രീത് കൗറിന്റെയും(47 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 66 റൺസ്) തകർപ്പൻ ബാറ്റിംഗാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ ഷഫാലി വർമയും (18 പന്തിൽ 37), സ്മൃതി മന്ദാനയും (9 പന്തിൽ 13) മികച്ച തുടക്കം നൽകി. സ്മൃതിക്ക് പിന്നാലെ ഷെഫാലി, ഹേമലത (2) എന്നിവർ പുറത്തായതോടെയാണ് ഇന്ത്യ 53/3 എന്ന നിലയിലായത്. തുടർന്ന് ജെമീമ റോഡ്രിഗസും (14) ഹർമൻപ്രീതും ചേർന്ന് നാലാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്ത് 106ലെത്തിച്ചു. ജമീമ പുറത്തായശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് അതിവേഗം റൺസടിച്ചു കൂട്ടുകയായിരുന്നു. 45 പന്തുകളിൽ 75 റൺസാണ് റിച്ചയും ഹർമൻപ്രകതും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. അവസാന ഓവറിലെ ആദ്യ പന്തിൽ ഹർമൻപ്രീത് പുറത്തായെങ്കിലും തുടർന്നുള്ള അഞ്ചുപന്തുകളിൽ 20 റൺസാണ് റിച്ച അടിച്ചുകൂട്ടി ഇന്ത്യയെ റെക്കാഡ് സ്കോറിലേക്ക് കൈപിടിച്ചു കയറ്റിയത്.
യു.എ.ഇ.ക്കായി കവിഷ എഗോദഗെ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ യു.എ.ഇ.ക്കായി ഓപ്പണറും ക്യാപ്ടനുമായ ഇഷ രോഹിത് ഒസയും (36 പന്തിൽ 38) കവിഷ എഗോദഗെയും (32 പന്തിൽ പുറത്താവാതെ 40) പൊരുതിനോക്കി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി .നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തിയ തനൂജ കൻവാറിന്റെ പ്രകടനവും മികച്ചുനിന്നു. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരേ ക്യാച്ചെടുക്കുന്നതിനിടെ ഇടതുകൈയിലെ വിരലിന് പൊട്ടലേറ്റ യുവതാരം ശ്രെയാങ്ക പാട്ടീലിന് പകരമാണ് തനൂജയ്ക്ക് അവസരം കിട്ടിയത്. വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്തിനുവേണ്ടി കളിക്കുന്ന 26-കാരി ലെഗ് സ്പിന്നറുടെ ദേശീയ ടീമിലെ അരങ്ങേറ്റമായിരുന്നു ഇത്.
നാളെ നേപ്പാളിനെതിരെയാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം.
201/5
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ട്വന്റി-20 ഫോർമാറ്റിൽ ഉയർത്തുന്ന ഏറ്റവും ഉയർന്ന സ്കോർ. ഇന്ത്യൻ വനിതകൾ ട്വന്റി-20യിൽ ഇരുന്നൂറിലെത്തുന്നത് ഇതാദ്യം.