7പരിശോധനാഫലങ്ങളും നെഗറ്റീവ്
330 പേർ സമ്പർക്ക പട്ടികയിൽ
101പേർ ഹൈ റിസ്ക് വിഭാഗത്തിൽ
മലപ്പുറം:നിപ ബാധയ്ക്കെതിരെ കർശന പ്രതിരോധ നടപടികളുമായി കേരളം ജാഗ്രതയിൽ തുടരവേ, രോഗബാധിതനായി അത്യാസന്ന നിലയിലായിരുന്ന 14കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയാണ്. ഇന്നലെ പകൽ 11.30ന്ആയിരുന്നു അന്ത്യം. ബന്ധുക്കളിലാർക്കും രോഗലക്ഷണങ്ങളില്ല. ഇന്നലെ പരിശോധിച്ച ഏഴ് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്.
330 പേർ സമ്പർക്ക പട്ടികയിലുണ്ട്. 68 ആരോഗ്യ പ്രവർത്തകർ അടക്കം101 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്.
അബോധാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു കുട്ടി. രാവിലെ 10.50 ഓടെ ഹൃദയസ്തംഭനമുണ്ടായി. തുടർന്ന് രക്തസമ്മർദ്ദം താഴ്ന്നു. 11.30ഓടെ മരണം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയിൽ നിന്നുള്ള ആന്റി ബോഡി മരുന്നും പൂനെയിൽ നിന്ന് പ്രതിരോധ മരുന്നും മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും കൊടുക്കും മുമ്പേ മരിക്കുകയായിരുന്നു. മൃതദേഹം പാണ്ടിക്കാട് ഓടംപറ്റ ജുമാ മസ്ജിദ് കബർസ്ഥാനിൽ നിപ പ്രോട്ടോക്കോൾ പ്രകാരം കബറടക്കി.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച 68കാരന്റെ പരിശോധനാഫലം നെഗറ്റീവായത് ആശ്വാസകരമായി. കുട്ടിയുടെ വീടിന്റെ രണ്ടു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നയാളാണ് ഇദ്ദേഹം. സമ്പർക്കമുണ്ടായിരുന്നില്ല.
മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
പുതിയ റൂട്ട് മാപ്പ്
1.പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പർക്കത്തിലേർപ്പെട്ടവരെ വിട്ടുപോവാതിരിക്കാൻ കുട്ടി എത്തിയ ആശുപത്രികളിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
12 ദിവസത്തെ സമ്പർക്ക പട്ടിക തയ്യാറാക്കാനാണ് കേന്ദ്ര നിർദ്ദേശം.
2. പാണ്ടിക്കാട് പഞ്ചായത്തിൽ 307 വീടുകളിലും ആനക്കയം പഞ്ചായത്തിൽ 310 വീടുകളിലും സർവേ നടത്തി. യഥാക്രമം 18, 10 പേർക്കാണ് പനിയുള്ളത്. കുട്ടിയുമായി സമ്പർക്കമുള്ളവരല്ല. ഹൈറിസ്ക് വിഭാഗത്തിലെ ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. രണ്ടു പഞ്ചായത്തുകളിലെയും മുഴുവൻ വീടുകളിലും സർവേ നടത്തും.
അരുത്, നിപ പിടിപെടും
1. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്. മറ്റേതെങ്കിലും ജീവികൾ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങൾ കഴിക്കരുത്. വാഴക്കുലയിലെ തേൻ കുടിക്കരുത്.
2.വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിട്ടൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.
3. ഏതെങ്കിലും തരത്തിൽ സംശയം തോന്നിയാൽ നിപ കൺടോൾ റൂമിൽ വിളിക്കണം.ഫോൺ:0483 2732010, 0483 2732050, 0483 2732060, 0483 2732090
കേന്ദ്രസംഘം എത്തും
ന്യൂഡൽഹി : കേന്ദ്ര സർക്കാർ ദേശീയ വൺ ഹെൽത്ത് മിഷന്റെ പകർച്ചവ്യാധികൾ നേരിടുന്നതിനുള്ള ദൗത്യസംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചു. മൊബൈൽ ബി.എസ്.എൽ -3 ലാബ് കോഴിക്കോട് എത്തിച്ചിട്ടുണ്ട്.രോഗികൾക്കുള്ള മോണോക്ലോണൽ ആന്റിബോഡീസ് കേരളത്തിന് കൈമാറിയിട്ടുണ്ട്.നാല് പ്രതിരോധ നടപടികളും നിർദേശിച്ചു.
`നിപയെ നമുക്കൊന്നിച്ച് പ്രതിരോധിക്കാം.
മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ജീവൻ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ ശ്രമവും നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയൻ,
മുഖ്യമന്ത്രി
`മലേഷ്യൻ സ്ട്രെയിൻ, ബംഗ്ലാദേശ് സ്ട്രെയിൻ എന്നിങ്ങനെ രണ്ട് തരം നിപ ഉണ്ട്. ഇവിടെ സ്ഥിരീകരിച്ചത് ബംഗ്ലാദേശ് സ്ട്രെയിൻ ആണ്. യഥാസമയം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.'
-വീണാ ജോർജ്ജ്,
ആരോഗ്യമന്ത്രി