ksrtc

ബംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ശക്തി പദ്ധതി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഉണ്ടാക്കിയത് ഭീമമായ നഷ്ടം. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടി രൂപയാണ് കോര്‍പ്പറേഷനുണ്ടായ നഷ്ടം. ഭീമമായ നഷ്ടം മറികടക്കാന്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ എസ്ആര്‍ ശ്രീനിവാസ് നിര്‍ദേശിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. 20 ശതമാനമെങ്കിലും നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന് മുന്നിലുള്ള നിര്‍ദേശം. ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നഷ്ടം വരും മാസങ്ങളില്‍ കൂടുമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 2020 മുതല്‍ സംസ്ഥാനത്ത് ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചിട്ടില്ല. ഇത് ജീവനക്കാര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സര്‍ക്കാരിന് മുന്നില്‍വച്ച നിര്‍ദേശത്തില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നു.

2024 ജൂണ്‍ 11 ന് ആദ്യ വര്‍ഷം തികയുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ശക്തി പദ്ധതി. കഴിഞ്ഞ 10 വര്‍ഷമായി കോര്‍പ്പറേഷന്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഗൗരവമുളളത് ആണെന്നും നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കഗെ പറഞ്ഞു. നിരവധി മലയാളികളാണ് ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കഴിയുന്നത്. നിരക്ക് വര്‍ദ്ധന ഇവരേയും ബാധിക്കുമെന്നുറപ്പാണ്.