ടെൽ അവീവ്: ഡ്രോൺ ആക്രമണം നടത്തിയ യെമനിലെ ഹൂതി വിമതർക്ക് തിരിച്ചടി നൽകി ഇസ്രയേൽ. ഇന്നലെ പുലർച്ചെ 1,800 കിലോമീറ്റർ അകലെയുള്ള യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. മൂന്ന് പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. എണ്ണ സംഭരണ കേന്ദ്രവും ഊർജ്ജ പ്ലാന്റും തകർന്നു. ഗാസ യുദ്ധം തുടങ്ങിയത് മുതൽ 200ലേറെ തവണ ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഇസ്രയേലിന് നേരെ വിക്ഷേപിച്ചിരുന്നു. ഇവയെല്ലാം ഇസ്രയേൽ തകർത്തു. എന്നാൽ വെള്ളിയാഴ്ച ടെൽ അവീവിലുണ്ടായ ഹൂതി ആക്രമണത്തിൽ 50കാരൻ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. സാങ്കേതിക കാരണങ്ങളാൽ ഡ്രോൺ വെടിവച്ചിടാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് കഴിഞ്ഞിരുന്നില്ല.
ഹൊദൈദയിൽ എരിയുന്ന തീ മിഡിൽ ഈസ്റ്റിന് മുഴുവൻ കാണാമെന്നും ഇതിലൂടെ ഹൂതികൾക്ക് തങ്ങൾ നൽകുന്ന സന്ദേശം വ്യക്തമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു. പൗരന്മാർക്ക് അപകടം സൃഷ്ടിച്ചതിനാലാണ് തിരിച്ചടി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലികളെ ആക്രമിക്കുന്ന ശക്തി എവിടെയാണെങ്കിലും തിരിച്ചടിക്കുമെന്ന് വ്യോമസേനയും പ്രതികരിച്ചുഅതിനിടെ ഇന്നലെ രാവിലെ ഹൂതികൾ തിരിച്ച് മിസൈൽ തൊടുത്തെങ്കിലും തങ്ങളുടെ വ്യോമാതിർത്തി കടക്കുന്നതിന് മുമ്പ് ഇസ്രയേൽ അത് തകർത്തു. ഇറാനിൽ നിന്നുള്ള ആയുധങ്ങൾ ഹൂതികളുടെ കൈകളിലേക്കെത്തിക്കുന്ന പ്രവേശന കവാടമാണ് ഹൊദൈദയെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നു. ദീർഘദൂരം പറക്കാൻ ശേഷിയുള്ള ഇറാൻ നിർമ്മിത ഡ്രോണാണ് ഹൂതികൾ വെള്ളിയാഴ്ച പ്രയോഗിച്ചത്. ടെൽ അവീവിലെ ഫ്ലാറ്റിലാണ് ഇത് പതിച്ചത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെയും ഹൂതികൾ ആക്രമിക്കുന്നുണ്ട്.