ഏതൊരു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്, എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാതെ വൈറ്റ് കോളര്‍ ജോലികള്‍ മാത്രമാണ് അന്തസ്സിന് ചേര്‍ന്നതെന്ന് കരുതി മറ്റ് ജോലികള്‍ ചെയ്യുന്നവരെ പുച്ഛിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. അത്തരത്തില്‍ പലപ്പോഴും മോശം പെരുമാറ്റവും അപമാനവും ഏറ്റുവാങ്ങേണ്ടി വരുന്ന ജോലികളില്‍ ഒന്നാണ് ഫുഡ് ഡെലിവറിചെയ്യുന്നവരുടേത്. ഭക്ഷണം ഒന്ന് വൈകിയാല്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുള്ളവര്‍ പോലുമുണ്ട്.
എന്നാല്‍ പല വൈറ്റ് കോളര്‍ ജോലികള്‍ ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പണം ഫുഡ് ഡെലിവറി ഏജന്റുമാര്‍ സമ്പാദിക്കുന്നുണ്ടെന്നതാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്തകാലത്ത് ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയിലാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് ജീവിതച്ചെലവുകളെല്ലാം കഴിഞ്ഞ് ആറ് മാസം കൊണ്ട് രണ്ട് ലക്ഷം രൂപ സമ്പാദിച്ച ഒരു ഫുഡ് ഡെലിവറി ഏജന്റിനെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.
ലവീന കമ്മത്ത് എന്ന യൂട്യൂബര്‍ ബെംഗളൂരുവിലെ ചില ഫുഡ് ഡെലിവറി ഏജന്റുമാരുമായി നടത്തിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. സ്വഗ്ഗി ഡെലിവറി ഏജന്റായ ശിവ പറയുന്നത് അദ്ദേഹം മാസം 50,000 രൂപ വരെ സമ്പാദിക്കുന്നുവെന്നാണ്. 22 കാരനായ ശിവ കഴിഞ്ഞ 3 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഒരോ ഓര്‍ഡറിനും 20 രൂപ അടിസ്ഥാന കൂലിയായി സ്വഗ്ഗി നല്‍കുന്നു ഇതോടൊപ്പം മറ്റ് അലവന്‍സുകളും ഉണ്ടാകും.
എന്നാല്‍ ഒരു സ്ഥിരം ജോലിയായി ചെറുപ്പക്കാര്‍ ഇതിനെക്കാണുന്നില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ചിലര്‍ പഠനത്തിനൊപ്പം സമ്പാദ്യം എന്ന രീതിയില്‍, ചിലര്‍ ഉപരിപഠനത്തിന് വേണ്ടി. പഠനം പൂര്‍ത്തിയാക്കി മറ്റൊരു ജോലി ലഭിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി എന്നിങ്ങനെയാണ് പലരും ഈ ജോലി ചെയ്യുന്നത്.