ലാഹോർ: ഒരു തീവ്രവാദിയെ പോലെ തന്നെ ഇരുമ്പഴിക്കുള്ളിൽ അടച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ. തടവുകാരനെന്ന നിലയിലുള്ള അടിസ്ഥാന പരിഗണനയോ മനുഷ്യാവകാശങ്ങളോ അതീവ സുരക്ഷാ ജയിലിലെ ' മരണ സെല്ലിൽ" തനിക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ വച്ച് ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് അഭിഭാഷകർ വഴി നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 7 അടി ഉയരമുള്ള സെല്ലിൽ ഒറ്റയ്ക്കാണ് താൻ. സാധാരണ തീവ്രവാദികളെയാണ് ഇവിടെ പാർപ്പിക്കുന്നത്. നിന്ന് തിരിയാൻ പോലും ഇടമില്ല. 24 മണിക്കൂറും സർക്കാർ ഏജൻസികൾ തന്നെ നിരീക്ഷിക്കുന്നു. കുടുംബാംഗങ്ങളെ പോലും കാണാൻ അനുവദിക്കുന്നില്ലെന്നും ഇമ്രാൻ പറയുന്നു.
അഴിമതികേസിൽ അറസ്റ്റിലായ ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ഇമ്രാനെതിരെയുള്ള ഭൂരിഭാഗം കേസുകളും അടുത്തിടെ മരവിപ്പിച്ചെങ്കിലും 2023 മേയിലെ കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ടുകൾ മുൻനിറുത്തി ജയിലിൽ നിന്ന് മോചിപ്പിച്ചിട്ടില്ല. ഇമ്രാന്റെ ഭാര്യ ബുഷ്‌റയും ജയിലിലാണ്.
അതേ സമയം, ഇമ്രാന്റെ വാദങ്ങൾ സർക്കാർ തള്ളുന്നു. ഇമ്രാന് ജയിലിൽ പ്രസിഡൻഷ്യൽ സ്യൂട്ട് ഒരുക്കിയിട്ടുണ്ടെന്നും ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങളും മികച്ച ഭക്ഷണവും ലഭ്യമാണെന്നും സർക്കാർ അവകാശപ്പെടുന്നു.