parthiban

നടനും സംവിധായകനുമായ പാർത്ഥിപൻ പുതുതായി സംവിധാനം ചെയ്‌ത 'ടീൻസ്' എന്ന ചിത്രം ഈയടുത്താണ് റിലീസ് ചെയ്‌തത്. ശങ്കറിന്റെ കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2'നൊപ്പം റിലീസ് ചെയ്‌തെങ്കിലും താരതമ്യേന മെച്ചപ്പെട്ട പ്രതികരണമാണ് തീയേറ്ററിൽ ടീൻസിന് ലഭിച്ചത്.

ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ പാർത്ഥിപൻ നടത്തിയ പ്രസംഗം വലിയ തോതിൽ വിമ‌‌‌ർശനത്തിന് ഇടയാക്കിയിരുന്നു. നടി തമന്നയെ പരാമർശിച്ചുകൊണ്ട് പാർത്ഥിപൻ സംസാരിച്ചതാണ് വിവാദമായത്. 'ഇക്കാലത്ത് ഒരു സിനിമ ഹിറ്റാകണമെങ്കിൽ കഥ പെർഫെക്‌ട് ആകണമെന്നില്ല. തമന്നയുടെ ഡാൻസ് അവതരിപ്പിച്ചാൽ കഥ പെർഫെക്‌ട് അല്ലെങ്കിലും സിനിമ ഓടും.' എന്നായിരുന്നു പാർത്ഥിപന്റെ കമന്റ്.

ഈയടുത്ത് തമിഴിൽ ഹിറ്റായ രജനീകാന്ത് ചിത്രം 'ജയില‌‌ർ', സുന്ദർ സി സംവിധാനം ചെയ്‌ത ഹൊറർ ചിത്രമായ അരൻമനൈ-4 എന്നിവയിൽ തമന്നയുടെ ഡാൻസ് ഉണ്ടായിരുന്നു. കാവാലയ്യ, അച്ചോ അച്ചോ എന്നീ ഗാനങ്ങൾ വലിയ ഹിറ്റുമായി. ഇതിനെ പരോക്ഷമായി വിമർശിക്കുന്നതാണ് പാർത്ഥിപന്റെ അഭിപ്രായപ്രകടനം എന്ന് ചിലർ അഭിപ്രായപ്പെട്ടു. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി പാർത്ഥിപൻ രംഗത്തെത്തി.

തന്റെ അഭിപ്രായം തമന്നെയെയോ മറ്റേതെങ്കിലും നടിയെയോ വിലകുറച്ച് കാണാനല്ലെന്നും തമിഴ് സിനിമയുടെ കഥയും ആഖ്യാനവും കുറയുന്നതിലെ ആശങ്ക പങ്കുവയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്നും നടൻ പറഞ്ഞു. തന്റെ വാക്കുകൾ തമന്നയെയോ ആരാധകരെയോ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നതായും പാ‌ർത്ഥിപൻ പറഞ്ഞു. തമന്നയോ മറ്റ് താരങ്ങളോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.