2023 ഫെബ്രുവരി 20നാണ് ‘ജാദുയി പിടാര’ (മായാജാലപ്പെട്ടി) പുറത്തിറക്കിയത്. മായാജാലപ്പെട്ടി അനാവരണം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ചു. പഠനത്തിന്റെ അടിസ്ഥാനഘട്ടത്തിനായുള്ള അദ്ധ്യാപന - പഠന സാമഗ്രിയായ ‘ജാദുയി പിടാര’ കുട്ടികൾ തുറന്നപ്പോൾ, അതിനുള്ളിലെ പുസ്തകങ്ങളും ഫ്ലാഷ് കാർഡുകളും ചടങ്ങെന്ന പോലെ അവർ വായിച്ചു.
എന്നാൽ അതിനൊപ്പമുണ്ടായിരുന്ന കളിപ്പാട്ടങ്ങൾ കണ്ടപ്പോൾ, ജന്മദിനക്കേക്കിന് ചുറ്റുമെന്ന വണ്ണം ആ കുട്ടികൾ തടിച്ചുകൂടി, അവരുടെ കണ്ണുകൾ തിളങ്ങി. അവർ പെട്ടിയിൽനിന്ന് പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെടുത്തു. പാവകളുടെയും ഈണവും താളവും പുറപ്പെടുവിക്കുന്ന കളിപ്പാട്ടങ്ങളുടെയും ആരവമാകെ അവിടെ മുഴങ്ങി. ഉദ്ഘാടനവേദിയും ചടങ്ങുമാണെന്നത് മറന്ന് ആ കുട്ടികൾ അവരുടെ ലോകത്തിൽ മുഴുകി. അത് അത്ഭുതവും കൗതുകവും സന്തോഷവും ഉളവാക്കുന്ന കാഴ്ചയായിരുന്നു. അഞ്ഞൂറിലധികം ഭരണകർത്താക്കളും അക്കാഡമിക് വിദഗ്ദ്ധരും അദ്ധ്യാപകരും അടങ്ങുന്ന വിശിഷ്ട സദസ്, അവരുടെ ബാല്യകാലം ഓർത്ത് മനോഹരമായി പുഞ്ചിരിക്കുകയും സ്വതസിദ്ധമായി കരഘോഷം മുഴക്കുകയും ചെയ്തു.
ജൂലായിൽ 2024-25 പുതിയ അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽ, തിളങ്ങുന്ന കണ്ണുകൾ, പുഞ്ചിരികൾ, പൊട്ടിച്ചിരികൾ, വർത്തമാനങ്ങൾ, കുഞ്ഞുകാലടിയൊച്ചകൾ, ഇടയ്ക്കിടെയുള്ള കരച്ചിൽ എന്നിവ ഇന്ത്യയിലുടനീളമുള്ള ക്ലാസ് മുറികളിൽ മുഴങ്ങുകയാണ്. പുതിയ അദ്ധ്യയന വർഷം ഓരോ കുട്ടിക്കും സ്വാഗതാർഹവും ആഹ്ലാദകരവും ഉല്ലാസകരവുമാക്കി നമുക്ക് ആഘോഷിക്കാം. കളികൾ കുട്ടികൾക്ക് സ്വാഭാവികവും സമഗ്രവുമായ വികസനത്തിനുള്ള കരുത്തുറ്റ സങ്കേതമാണ്. അവ ശാരീരികവും സാമൂഹ്യവും വൈകാരികവും ഭാഷാപരവും വൈജ്ഞാനികവും സാംസ്കാരികവുമായ വികസനം ഉറപ്പാക്കുന്നു.
സുരക്ഷിതവും രസകരവും വിവേചനങ്ങളേതുമില്ലാത്തതുമായ ഇടത്ത് ജിജ്ഞാസയുള്ളവരാകാനും സമഗ്രപഠനം നടത്താനും പരീക്ഷണങ്ങൾക്കും കുട്ടികളെ അനുവദിക്കുന്നു. അടുത്തിടെ, ജൂൺ 11 കുട്ടികളുടെ വിനോദങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. കുട്ടികൾക്ക് അവരുടെ കഴിവുകളാകെ അഭിവൃദ്ധിപ്പെടുത്തുന്നതിൽ കളികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു ദിനാചരണത്തിന് ഇന്ത്യയും ലോകവും പ്രാധാന്യമേകുന്നത്. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020, അടിസ്ഥാനഘട്ടത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്-എഫ്എസ്) 2022 എന്നിവ ഇതാദ്യമായി അടിസ്ഥാനഘട്ടത്തിനായി (3 മുതൽ 8 വയസുവരെയുള്ള കുട്ടികൾക്ക്) പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തു.
എൻസിഎഫ്-എഫ്എസിന്റെ പ്രധാന പരിവർത്തനവശം “കളികളിലൂടെ പഠിക്കുക” എന്നതാണ്. സ്വാഭാവികമായി അറിയാവുന്ന കാര്യങ്ങൾ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. കുട്ടികൾ പഠിക്കുന്നത് എഴുതുന്നതിൽകൂടി മാത്രമല്ല, കളിക്കുന്നതിൽ കൂടിയാണ്. ധാരാളം പഠിതാക്കൾ ഉള്ളതിനാൽ, പഠനത്തിനായി പ്രത്യേക ശൈലി നിർബന്ധിക്കാതിരിക്കുക എന്നത് അനിവാര്യമാണ്. സംഭാഷണങ്ങൾ, കഥപറച്ചിൽ, കളിപ്പാട്ടങ്ങൾ, പാട്ടുകളും കവിതകളും, സംഗീതവും നൃത്തവും, കലകളും കരകൗശലവസ്തുക്കളും, മുറിക്കുള്ളിലും പുറത്തുമുള്ള കളികൾ തുടങ്ങിയ ഇടപെടലുകളിലൂടെ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവുമായുള്ള മായാത്ത ബന്ധം വിദ്യാർത്ഥികൾക്കിടയിൽ സൃഷ്ടിക്കാനാകും. ചരിത്രപരമായി, പരിചരണത്തിന്റെ ഭാഗമായുള്ള കളികൾ സിന്ധുനദീതട സംസ്കാരം മുതലുള്ളതാണ്. താരാട്ടുകൾ, കുട്ടികളുടെ കഥകൾ, കളികൾ, കളിപ്പാട്ടങ്ങൾ, കവിതകൾ, കടങ്കഥകൾ എന്നിവയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ശേഖരത്തിൽ നാഗരികപാരമ്പര്യം ദൃശ്യമാണ്.
എൻസിഎഫ്-എഫ്എസിന്റെ പരിവർത്തന സ്വഭാവത്തിന്റെ പ്രതീകമാണ് 2023 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ എൻസിഇആർടിയുടെ ‘ജാദുയി പിടാര’. അടിസ്ഥാനഘട്ടത്തിനായി ഏത് സ്‌കൂളിലും ആവശ്യമായ ഉള്ളടക്കത്തിന് ഉദാഹരണമാണ് ‘ജാദുയി പിടാര’. ഇതു വൈവിദ്ധ്യമാർന്നതും അത്തരം ഉള്ളടക്കം വികസിപ്പിക്കുമ്പോൾ മനസിലുണ്ടാകേണ്ട സൂക്ഷ്മബോധം പ്രകടമാക്കുന്നതുമാണ്. കളിപ്പാട്ടങ്ങൾ, കളികൾ, പസിലുകൾ, പാവകൾ, പോസ്റ്ററുകൾ, ഫ്ലാഷ് കാർഡുകൾ, കഥാപുസ്തകങ്ങൾ, അദ്ധ്യാപകരുടെ കൈപ്പുസ്തകങ്ങൾ എന്നിവ ‘പിടാര’യിലുണ്ട്. ഓരോ കളിപ്പാട്ടവും കളിയും കൃത്യമായ പഠനഫലത്തിലേക്ക് വഴികാട്ടുന്നു. ‘ജാദുയി പിടാര’യിൽ ഉദാഹരണമാക്കിയ പരിവർത്തനാത്മക അദ്ധ്യാപന -പഠന സാമഗ്രികൾക്ക് രാജ്യമെമ്പാടുനിന്നും അഭിനന്ദനങ്ങൾ ലഭിച്ചു.
ഈ അത്ഭുതപ്പെട്ടിയിലെ ഉള്ളടക്കങ്ങൾ പ്രാദേശിക സന്ദർഭത്തിനും ചുറ്റുപാടുകൾക്കും അനുസൃതമായി രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് വിവിധ സംസ്ഥാനങ്ങൾ. നാം ഇപ്പോൾ ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിലാണെന്നും സാങ്കേതികവിദ്യാധിഷ്ഠിത മാർഗങ്ങൾക്ക് ‘ജാദുയി പിടാര’യുടെ വ്യാപ്തിയും സ്വാധീനവും ത്വരിതപ്പെടുത്താനും വർദ്ധിപ്പിക്കാനും കഴിയുമെന്ന് തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രാലയം, 2024 ഫെബ്രുവരിയിൽ ‘ഇ-ജാദുയി പിടാര’ ആരംഭിച്ചു. ‘ജാദുയി പിടാര’യ്ക്കു പിന്തുണയേകുന്നതിനും കമ്പ്യൂട്ടർ, സ്മാർട്ട്-ഫീച്ചർ ഫോണുകൾ, ടെലിവിഷൻ, റേഡിയോ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയുള്ള പ്രാപ്യത ഏവർക്കും ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി കൈക്കൊണ്ടത്.
കുട്ടികളെ പരിപാലിക്കുന്നവർക്ക് ഇപ്പോൾ വെർച്വൽ അസിസ്റ്റന്റുകളുമായി സംവദിക്കാനും, ചാറ്റ്-വോയ്‌സ് സവിശേഷതകളിലൂടെ നിർമിതബുദ്ധി സാധ്യതകൾ പ്രയോജനപ്പെടുത്താനും, കഥകൾ പറയാനും, ഉല്ലാസ - പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും.
കുട്ടികളുടെ വികാസത്തെയും തലച്ചോറിനെയും കുറിച്ചുള്ള നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് കളികൾ ഇനി പറയുന്ന കാര്യങ്ങൾക്ക് അനിവാര്യമാണെന്നാണ്:
a) മസ്തിഷ്‌ക വികസനം, പ്രത്യേകിച്ച് പ്രീഫ്രോണ്ടൽ കോർട്ടെക്‌സിന്റെ ഉത്തേജനം, ശ്രദ്ധയ്ക്കും പ്രശ്‌നപരിഹാരത്തിനും സാമൂഹിക പെരുമാറ്റം നിയന്ത്രിക്കലിനുമുള്ള ഉത്തരവാദിത്വം.
b) ന്യൂറോപ്ലാസ്റ്റിറ്റി അഥവാ പുതിയ ന്യൂറൽ കണക്ഷനുകൾ രൂപപ്പെടുത്താനുള്ള കഴിവ്, ജീവിതത്തിലുടനീളം പഠിക്കുന്നതിനും സാഹചര്യങ്ങളോടു പൊരുത്തപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാനം.
c) സങ്കീർണവും അനിശ്ചിതവുമായ സാഹചര്യങ്ങളിൽ പ്രശ്നപരിഹാരത്തിനും തീരുമാനമെടുക്കുന്നതിനും അത്യന്താപേക്ഷിതമായ അവബോധം.
ശൈശവം മുതൽ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനുമുള്ള അടിത്തറ കെട്ടിപ്പടുക്കുന്നതിൽ രക്ഷാകർതൃത്വത്തിന്റെ അടിസ്ഥാന വശം എന്ന നിലയിലാണ് കുട്ടികൾക്കായുള്ള കളികളെ യുണിസെഫ് പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ വിലയിരുത്തുന്നത്. കളിക്കുമ്പോൾ, കുട്ടികൾ തുടർച്ചയായി അവർക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കുന്നു.
അവരിലപ്പോൾ ഏറെ താൽപ്പര്യവും സന്തോഷവും നിറയുന്നു. കുട്ടികൾക്കിടയിൽ സമഗ്രവികസനം, സർഗാത്മകത, അതിജീവനശേഷി എന്നിവ വളർത്താൻ കളികൾ സഹായിക്കുന്നു. മുതിർന്നവരെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യം, അറിവ്, സർഗാത്മകത എന്നിവ വർദ്ധിപ്പിക്കാനും കളികളിലൂടെ കഴിയുന്നു. മാതാപിതാക്കളും കുട്ടികളെ പരിചരിക്കുന്നവരും കുട്ടികൾക്കൊപ്പം കളിക്കാൻ കൂടുമ്പോൾ അവരത് ആഘോഷമാക്കുന്നു. കളികൾ നമുക്ക് ആഘോഷിക്കാം, അതിലൂടെ കുട്ടികൾക്ക് പഠനത്തിനും വികാസത്തിനും സഹായമേകാം. കുട്ടിക്കാലം ആഘോഷമാക്കാം… മുന്നേറാം…
കേന്ദ്ര ഗവൺമെന്റിന്റെ സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ, ബംഗളൂരു ഏക്‌സ്റ്റെപ്പ് ഫൗണ്ടേഷൻ സിഇഒ ശങ്കർ മറുവാഡ എന്നിവരാണ് ലേഖകർ