drugs

കേപ്‌ടൗൺ: ഫാമിന്റെ മറവിൽ മയക്കുമരുന്ന് നിർമിക്കുന്ന ലാബ് കണ്ടെത്തിയ സംഭവത്തിൽ മെക്‌സിക്കൻ പൗരൻമാർ ഉൾപ്പടെ നാല് പേരെ അറസ്​റ്റ് ചെയ്ത് ദക്ഷിണാഫ്രിക്കൻ പൊലീസ്. സംശയാസ്പദമായ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പൊലീസും ഹോക്സ് എന്നറിയപ്പെടുന്ന കു​റ്റാന്വേഷണ സംഘവും ഗ്രോബെർസ്ഡാലിലെ ഫാമിൽ പരിശോധന നടത്തിയപ്പോഴാണ് വൻ മയക്കുമരുന്ന ശേഖരം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫാമിലെ നാല് ഭാഗങ്ങളിലായി തിരച്ചിൽ നടത്തിയപ്പോൾ നിരോധിത മരുന്നുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ കണ്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾക്ക് വിപണിയിൽ രണ്ട് ബില്ല്യൺ ദക്ഷിണാഫ്രിക്കൻ റാൻഡ്(ഏകദേശം 9,16,03,04,625 രൂപ) വിലയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ കൂട്ടത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

അറസ്​റ്റിലായ പ്രതികളിൽ മെക്‌സിക്കൻ പൗരൻമാരുളളത് കേസ് കൂടുതൽ സങ്കീർണമാക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം പ്രയാസകരമായിരിക്കുമെന്ന് ഹോക്സിന്റെ വക്താവ് കാ​റ്റ്‌ലെഗോ മൊഗാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിടികൂടിയ ഉൽപ്പന്നങ്ങൾ രാജ്യത്ത് വിൽപ്പന നടത്തുന്നതിനാണോ അതോ കയ​റ്റുമതി ചെയ്യുന്നതിനാണോയെന്ന കാര്യത്തിലും വ്യക്തതയില്ല.

ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ എംബസിക്ക് കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും മെക്‌സിക്കൻ പൗരൻമാരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മെക്‌സിക്കൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

2019 മുതൽ ദക്ഷിണാഫ്രിക്കയിലുടനീളം 131 മയക്കുമരുന്ന് നിർമാണ ലാബുകൾ അടച്ചുപൂട്ടിയതായാണ് പൊലീസ് റിപ്പോർട്ട്. മയക്കുമരുന്ന് കൈവശം വച്ചതിനുമാത്രം കഴിഞ്ഞ വർഷം 19,000ൽ അധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.