കണ്ണൂർ: തീൻ മേശയിലെ ഇഷ്ടവിഭവമായ കല്ലുമ്മക്കായ കൃഷിയിൽ സാദ്ധ്യതകൾ തുറന്ന് കല്ലുമ്മക്കായ കൃഷിയുടെ ഹബ്ബായി കണ്ണൂരിനെ മാറ്റാനുള്ള പദ്ധതികൾ ഒരുങ്ങുന്നു.
കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടിയിൽ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയുള്ള കല്ലുമ്മക്കായ, കടൽ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വിപുലമായ പദ്ധതികൾ നടപ്പാക്കാനാരംഭിക്കും.
എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് മസൽ ഹാച്ചറി ആൻഡ് മറൈൻ ഫിൻഫിഷ് ബ്രൂഡ് ബാങ്ക് എന്ന പദ്ധതിക്കായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ പദ്ധതിയിലെ സിവിൽ പ്രവൃത്തികൾ ഇതിനകം 80 ശതമാനം പൂർത്തീകരിച്ചു. ഹാച്ചറി കെട്ടിട നിർമാണം, സംപ് ടാങ്ക്, ചുറ്റുമതിൽ എന്നീ പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്.
ഇടനിലക്കാരുടെ ചൂഷണത്തിൽ കഴിയുന്ന കല്ലുമ്മക്കായ കർഷകർക്ക് ആശ്വാസമാകുന്ന പദ്ധതികളാണ് ഇതിനൊപ്പം വകുപ്പ് വിഭാവനം ചെയ്യുന്നത്. കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്തും മതിയായ വില ലഭിക്കുന്നതിനായി സംഭരണകേന്ദ്രവുമാണ് ആദ്യഘട്ടം. കണ്ണൂർ ജില്ലയിലും കാസർകോട് ജില്ലയിലെ വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലാണ് പ്രധാനമായും കല്ലുമ്മക്കായ കൃഷിചെയ്യുന്നത്.
ഒരു ചാക്ക് വിത്തിന് 7,500 - 9,500 രൂപ
കാലാവസ്ഥ വ്യതിയാനം മൂലം വിള നശിക്കുന്നതും വിത്തിന്റെ ഗുണമേന്മ ഇല്ലായ്മ നിമിത്തം ഉത്പാദനം കുറയുന്നതുമാണു കഴിഞ്ഞ കുറെ കാലമായി ഈ കൃഷി മേഖലയിൽ കണ്ടു വരുന്നത്. നിലവിൽ കോഴിക്കോട്, മലപ്പുറം, മംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് കർഷകർ കല്ലുമ്മക്കായ വിത്ത് വാങ്ങുന്നത്. ഒരു ചാക്ക് വിത്തിന് 7,500 രൂപ മുതൽ 9,500 രൂപ വരെയാണ് ഇടനിലക്കാർ വിലയീടാക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തിൽ കൃഷി മേഖലയിൽ തന്നെ ഹാച്ചറി സ്ഥാപിക്കുകയും വിള സംഭരിക്കുന്നതിനു സർക്കാർ നിയന്ത്രണത്തിൽ സംഭരണ കേന്ദ്രങ്ങൾ തുറക്കുകയും ചെയ്താൽ കർഷകരുടെ വരുമാനത്തിൽ വർദ്ധന ഉണ്ടാകും. മാത്രമല്ല, കൂടുതൽ പേർ ഈ കൃഷിമേഖലയിലേക്ക് ആകർഷിക്കപ്പെടും.
മലബാറിന് നേട്ടം
കല്ലുമ്മക്കായ കൃഷി ഏറ്റവും കൂടുതലായി കാണപ്പെടുന്ന മലബാർ മേഖലയിൽ ഹാച്ചറി ആരംഭിക്കുന്നതോടെ ഈ രംഗത്ത് വലിയ കുതിപ്പാകും. മത്സ്യകർഷകർക്ക് ഏറെ പ്രയോജനകരമായ പദ്ധതിയായി ഇത് മാറും. സി.എം.എഫ്.ആർ.ഐയുടെ സഹായത്തോടെ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഗുണനിലവാരമുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉത്പാദിപ്പിക്കുവാൻ ലക്ഷ്യമിടുന്നത്.
കല്ലുമ്മക്കായ വിത്തുത്പാദനത്തിനാവശ്യമായ മോഡുലാർ ഹാച്ചറി സൗകര്യങ്ങളും കടൽ മത്സ്യങ്ങളുടെ വിത്തുത്പാദനത്തിനും സംരക്ഷണത്തിനുമാവശ്യമായ ലൈവ് ഫീഡ് പ്രൊഡക്ഷൻ യൂണിറ്റ്, ആൽഗൽ കൾച്ചർ യൂണിറ്റ്, ലാർവൽ റയറിംഗ് ടാങ്കുകൾ, ലബോറട്ടറി സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.