uae

ദുബായ്: യുഎഇയിലെ 95 ശതമാനം പ്രവാസികളും ഒരു വർഷം മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ടതായ സാമ്പത്തികാവസ്ഥയിലാണെന്ന് സർവ്വേ റിപ്പോർട്ട്. 55 ശതമാനം പ്രവാസികൾ തങ്ങളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നത് ശമ്പള വർദ്ധനവിലൂടെയാണെന്നാണ് റിപ്പോർട്ട്. 35 ശതമാനം നിക്ഷേപ പോർട്ട്‌ഫോളിയോകളുടെ പ്രകടനവും 30 ശതമാനം പ്രോപ്പർട്ടി നിക്ഷേപങ്ങളും 20 ശതമാനം പെൻഷൻ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സർവ്വേയിൽ വ്യക്തമാകുന്നു.

യുഎഇയിൽ താമസിക്കുന്ന 2000 പ്രവാസികളാണ് അന്താരാഷ്ട്ര സാമ്പത്തിക ഉപദേശക സ്ഥാപനമായ ഹോക്സ്റ്റൺ ക്യാപിറ്റൽ മാനേജ്‌മെന്റ് നടത്തിയ 2024ലെ വേൾഡ് വൈഡ് വെൽത്ത് സർവേയിൽ പങ്കെടുത്തത്. ഈ വർഷം പുറത്തിറക്കിയ ഹ്യൂമൻ ക്യാപിറ്റൽ കൺസൾട്ടൻസി മെഴ്സറിന്റെ പഠനമനുസരിച്ച്, പ്രതിഭകളുടെ വർദ്ധിച്ച ആവശ്യകതയുടെയും സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള വളർച്ചയുടെയും പശ്ചാത്തലത്തിൽ പണപ്പെരുപ്പനിരക്ക് വർദ്ധനവിനേക്കാൾ വേഗത്തിൽ ശമ്പളം വർദ്ധിക്കുമെന്ന് കണ്ടെത്തിയിരുന്നു.

ഈ സർവ്വേയിൽ എന്തുകൊണ്ടാണ് യുഎഇയിലേക്ക് താമസം മാറിയതെന്ന ചോദ്യത്തിന്, മികച്ച ജോലിയും ജീവിതനിലവാരത്തിന് വേണ്ടിയാണെന്നും മിക്ക പ്രവാസികളും പറയുന്നു. 85 ശതമാനം പ്രവാസികളും ഈ രണ്ട് കാര്യത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര നിക്ഷേപകർക്കിടെയിൽ പ്രത്യേകിച്ച് യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കിടയിലും സാമ്പത്തിക വികാരത്തിൽ നല്ല മാറ്റം വന്നതായി സർവേ എടുത്തുകാണിക്കുന്നു. 95 ശതമാനം പ്രവാസികളും ഒരു വർഷം മുമ്പുള്ളതിനേക്കാൾ മികച്ച സാമ്പത്തിക നിലയിലാണെന്ന് സർവ്വേയിൽ പ്രതികരിച്ചു. തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് 45 ശതമാനം നിക്ഷേപിക്കാനാണ് താൽപര്യമെന്നും സർവ്വേയിൽ പറയുന്നു.