windows

മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കോടിക്കണക്കിന് കംപ്യൂട്ടറുകളെയാണ് വെള്ളിയാഴ്ചയുണ്ടായ സോഫ്റ്റ്‌വെയർ തകരാർ ബാധിച്ചത്. കൊണ്ടുനടന്നതും കൊണ്ടുകൊല്ലിച്ചതും ഒരാൾ തന്നെ. സിസ്റ്റത്തെ സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്ന യു.എസ് സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ് സ്ട്രൈക്കിന്റെ ഫാൽക്കൺ എന്ന ആന്റി വൈറസ് സോഫ്റ്റ്‌വെയർ! അതിലുണ്ടായ ചെറിയ,വളരെ ചെറിയൊരു തകരാറാണത്രേ ലോകത്താകെ 8000-ലേറെ വിമാന സർവീസുകൾ മുടക്കിയത്; ഓഹരിവിപണിയെ മുൾമുനയിൽ നിറുത്തിയത്; ഐ.ടി ജീവനക്കാരെ ആശങ്കയിലാഴ്ത്തിയത്. ചെറിയൊരു മാറ്റം വലിയ പ്രത്യാഘാതങ്ങളിലേക്കു നയിക്കുന്ന ബട്ടർഫ്ലൈ ഇഫക്ടിനോട് ചിലർ ഇതിനെ ഉപമിച്ചു.

2011-ൽ ജോർജ് കുർട്ട്സ് സ്ഥാപിച്ച ക്രൗഡ് സ്ട്രൈക്ക് എന്ന കമ്പനിയുടെ ആപ്തവാക്യം 'സ്റ്റോപ്പ് ബ്രീച്ചസ്, ഡ്രൈവ് ബിസിനസ്" എന്നാണ്. യു.എസ് കമ്പനികളെ ഉന്നംവച്ച ചൈനീസ് ഹാക്കർമാരെയടക്കം തുരത്തിയ ചരിത്രമുള്ള കമ്പനി, എന്തു നടക്കരുതെന്ന് ആപ്തവാക്യത്തിലൂടെ ലക്ഷ്യംവച്ചോ അതു തന്നെയാണ് രണ്ടുദിവസത്തിനിടയിൽ നടന്നത്. വിവാദ വിഷയമായ സോഫ്റ്റ്‌വെയറിന്റെ പേരും ലോഗോയും ശ്രദ്ധിച്ചത് പെട്ടെന്നാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷികളിലൊന്നായ ഫാൽക്കൺ! അസ്ത്രം പോലെ പറന്നുയരുന്ന ഫാൽക്കണുകൾ രാജകീയ പ്രൗഢിയുടെ പ്രതീകമായും കരുതപ്പെടുന്നു. 170-ലധികം രാജ്യങ്ങളിൽ വിവിധ സർവീസുകൾ ഒച്ചുകണക്കേ ഇഴഞ്ഞതിനു കാരണക്കാരനായ സോഫ്റ്റ്‌വെയറിന് ഫാൽക്കൺ എന്ന പേര് മറ്റൊരു വിരോധാഭാസം.

മരണത്തിന്

നീല നിറം

ശാന്തതയെ സൂചിപ്പിക്കുന്ന നീലനിറത്തെ രണ്ടുദിവസമായി മരണത്തോടാണ് സാങ്കേതിക ലോകം ഉപമിക്കുന്നത്. കംപ്യൂട്ടർ ഷട്ട്ഡൗൺ ആകുന്നു,​ പെട്ടെന്ന് നീലനിറം സ്ക്രീനിൽ നിറയുന്നു,​ അല്പനേരത്തിനുള്ളിൽ സിസ്റ്റം തനിയെ റീസ്റ്റാർട്ട് ആകുന്നു. വിൻഡോസിന്റെ ആദ്യ ബീറ്റാ വേർഷൻ പുറത്തിറങ്ങിയപ്പോൾ മുതൽ ഇത്തരം പ്രതിഭാസങ്ങൾ കണ്ട് തഴക്കവും പഴക്കവും വന്നവർ ഇത് 'ബ്ലൂ സ്ക്രീൻ ഒഫ് ഡെത്ത്" ആണെന്നും,​ കുറച്ചുനേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാനാവില്ലെന്നും അപ്പോഴേ പ്രവചിച്ചു! തക്കം പാത്തിരുന്ന ചില ഹാക്കർമാർ മൈക്രോസോഫ്റ്റിന്റെയും വിൻഡോസിന്റെയും പേരിൽ വ്യാജ ലിങ്കുകളുണ്ടാക്കി. ലിങ്കുകളിലൂടെ സിസ്റ്റത്തിലെ വൈറസ് പൂർണമായും നീക്കാമെന്ന ഉറപ്പ് വിശ്വസിച്ച് ക്ലിക്ക് ചെയ്തവരുടെ സ്വകാര്യ വിവരങ്ങളടക്കം ഹാക്കർമാർ ചോർത്തിയെടുത്തു. ധനകാര്യ സ്ഥാപനങ്ങളുടെ പണമിടപാടുകൾ തടസപ്പെട്ടു. സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈലുകൾ, ജൂവലറികൾ... നീലനിറം ദുരന്തം വിതച്ച മേഖലകൾ അങ്ങനെ നീളുന്നു.

ഒരാളിലേക്ക്

ഒതുങ്ങുമ്പോൾ

ഒരൊറ്റ ആളിലേക്ക് ജീവിതം ഒതുങ്ങുമ്പോൾ അയാളില്ലാതെ ജീവിതം സാദ്ധ്യമല്ലാതെ വരുന്ന അവസ്ഥയെ ക്രൗഡ് സ്ട്രൈക്ക് തകരാറുമായി ഉപമിക്കാം. സ്ഥാപനങ്ങൾ ഒരൊറ്റ കമ്പനിയുടെ സോഫ്റ്റ്‌വെയറിനെ ആശ്രയിക്കുമ്പോൾ അത് നിശ്ചലമായാൽ സേവനങ്ങൾക്ക് പൂർണ വിരാമമിടേണ്ടിവരും. വലിയൊരു മാലയിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന മുത്തുകൾ പോലെയാണ് ലോകത്തെമ്പാടുമുള്ള വിൻഡോസിന്റെ കംപ്യൂട്ടറുകൾ. ഈ സപ്ലൈ- ചെയിനിലെ ഒറ്റ തടസം പല മേഖലകളെ ബാധിക്കും. സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ചതായി ക്രൗഡ് സ്ട്രൈക്ക് സി.ഇ.ഒ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും സ്ഥിതിഗതികൾ പഴയപടിയായിട്ടില്ല. ഭാവിയിൽ ഇത്തരത്തിലൊന്ന് ആവർത്തിക്കില്ലെന്നും ഉറപ്പില്ല.

മൈക്രോസോഫ്റ്റിനെ ആശ്രയിക്കാത്ത ചൈനയെ പ്രശ്നം ബാധിച്ചിട്ടില്ല. ചൈനയ്ക്ക് അലിബാബാ പോലുള്ള തദ്ദേശീയ സേവനദാതാക്കളുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബുണ്ടു ഉപയോഗിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ കംപ്യൂട്ടറുകൾക്കും കോട്ടം തട്ടിയില്ല. നിലവിലുള്ളതിനേക്കാൾ സുരക്ഷിതത്വം നൽകുന്നൊരു അപ്ഡേറ്റിന് ഫാൽക്കൺ ശ്രമിച്ചപ്പോഴാണ് തകരാറുണ്ടായതെന്നാണ് സൂചന. സൈബർ സുരക്ഷയിലെ ഒന്നാമനായ ക്രൗഡ്സ്ട്രൈക്കിന്റെ പതനം നോർട്ടോൺ പോലുള്ള ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ വീടുകളിലെ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്നവരെ ബാധിച്ചിട്ടില്ല. ലോകത്തിന്റെ സ്പന്ദനം കണക്കിലല്ല,​ 'വിൻഡോസിലാണ്" എന്ന് നിർവചിക്കപ്പെട്ട ദിവസങ്ങൾ ഒരു പാഠമാണ്; പുതിയ സംവിധാനങ്ങൾ വികസിപ്പിക്കാനും ഉള്ളത് കാര്യക്ഷമമാക്കാനുമുള്ള ഓർമ്മപ്പെടുത്തലും.