ആലുവ: എടയപ്പുറത്ത് കോളേജ് വിദ്യാർത്ഥിയായ 18കാരൻ തൂങ്ങി മരിച്ചതിന് പിന്നിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുള്ള മാനസിക സംഘർഷമെന്ന് സൂചന. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് സൈബർ സെൽ പരിശോധിക്കും.
കൊവിഡ് കാലത്ത് ഓൺലൈൻ പഠനം ആരംഭിച്ച ശേഷം കുട്ടി മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീടിന് സമീപം അടുത്ത കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. കൂടുതൽ സമയവും ഓൺലൈൻ ഗെയിം കളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കുട്ടിയെയും പിതാവിനെയും കണ്ടിരുന്നു. കുട്ടിയെ കൂടുതൽ ശ്രദ്ധിക്കണമെന്നും എസ്.പി നിർദ്ദേശിച്ചിരുന്നു. ചില ആശുപത്രികളിൽ ചികിത്സയും തേടിയിരുന്നു.
പഠിക്കാൻ മിടുക്കനായിരുന്നു. ഇംഗ്ളീഷും ഹിന്ദിയും നന്നായി സംസാരിക്കുമായിരുന്നു. ഇത് ഓൺലൈൻ ഗെയിം കളിക്കാനും സഹായകമായി. ഇന്റർനെറ്റ് ലഭിക്കാത്ത അവസരങ്ങളിലെല്ലാം അസ്വസ്തതകൾ പ്രകടിപ്പിച്ചിരുന്നു. പെട്ടെന്നുണ്ടായ അസ്വസ്ഥതയിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
ശനിയാഴ്ച വൈകിട്ടും കോളേജ് അധികൃതരുമായി ബന്ധപ്പെട്ട് കൺസഷൻ കാർഡിനാവശ്യമായ വിവരങ്ങൾ തേടിയിരുന്നു. വൈകിട്ട് 6.45ന് മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യാ വിവരം അറിയുന്നത്.