rohit-sharma

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട നായകനാണ് രോഹിത് ശര്‍മ്മ. 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ച് രാജ്യത്തെ ട്വന്റി 20 ക്രിക്കറ്റ് ജേതാക്കളാക്കിയ നായകന്‍. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഫൈനലില്‍ തോറ്റതിന്റെ നിരാശയില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ മുഖം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. കാരണം ആ ലോകകിരീടം മറ്റെന്തിനെക്കാളും രോഹിത്തിനെ മോഹിപ്പിച്ചിരുന്നു.

തന്നെ സംബന്ധിച്ച് ഏകദിന ലോകകപ്പ് കിരീടമാണ് യഥാര്‍ത്ഥ ലോകകപ്പ് എന്ന് രോഹിത് ശര്‍മ്മ പറഞ്ഞിട്ടുണ്ട് ഒരിക്കല്‍. പ്രായം 37ല്‍ എത്തിയ രോഹിത് ശര്‍മ്മയ്ക്ക് അടുത്ത ഏകദിന ലോകകപ്പ് ആകുമ്പോള്‍ പ്രായം 40 ആകും. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയില്‍ 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത് കളിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഒരുപോലെ വിശ്വസിക്കുന്നത്. എന്നാല്‍ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വാക്കുകള്‍ ആരാധകര്‍ക്കും രോഹിത് ശര്‍മ്മയ്ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതാണ്.

പ്രായം കൂടുംതോറും പ്രകടനം മെച്ചപ്പെടുത്തുകയാണ് ഇന്ത്യന്‍ നായകന്‍. എത്രകാലം കൂടി രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും ടീമില്‍ തുടരും എന്ന ഒരു ചോദ്യം പത്രസമ്മേളനത്തില്‍ ഗംഭീര്‍ ഇന്ന് നേരിട്ടു. അതിന് അദ്ദേഹം നല്‍കിയ ഉത്തരമാണ് രോഹിത്തിനും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നത്. ഫിറ്റ്‌നെസ് ഉണ്ടെങ്കില്‍ ഇരുവര്‍ക്കും 2027 ലോകകപ്പ് വരെ ടീമില്‍ തുടരുന്നതിന് തടസ്സമില്ലെന്നാണ് ഗംഭീര്‍ നല്‍കിയ മറുപടി.

രണ്ടു താരങ്ങളിലും ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. വലിയ മത്സരങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് അവര്‍ തന്നെ നമുക്കു കാണിച്ചുതന്നിട്ടുള്ളതാണ്. ഒരു കാര്യം ഞാന്‍ വ്യക്തമായിത്തന്നെ പറയാം. രണ്ടു പേരിലും ഇനിയും ഒരുപാട് ക്രിക്കറ്റ് ഉണ്ട്. നമുക്ക് മുന്നില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനം നടക്കാനുണ്ട്. ഇതെല്ലാം തീര്‍ച്ചയായും അവരെ പ്രചോദിപ്പിക്കും. അവര്‍ക്ക് അവരുടെ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ 2027ലെ ലോകകപ്പും അകലെയല്ല.'' ഗംഭീര്‍ പറഞ്ഞു.