pic

ദുബായ്: ലോകത്ത് ആദ്യമായി,​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി (യാത്രക്കാരുടെ മുഖം പകർത്തി തിരിച്ചറിയൽ)​ നടപ്പാക്കി. യാത്രക്കാർക്ക് രേഖകൾ ഹാജരാക്കാതെ വിമാനയാത്ര സാദ്ധ്യമാകും. വിമാനത്താവള ജീവനക്കാരുമായി നേരിട്ട് ഇടപഴകേണ്ട. യാത്രാ നടപടി ക്രമങ്ങൾ വെറും ഏഴ് സെക്കൻൻഡിൽ പൂർത്തിയാകും.

സെക്യൂരിറ്റി, ഓപ്പറേഷൻ ടച്ച് പോയിന്റുകളിലെ നിർമ്മിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി. എ.ഐ അധിഷ്ഠിത ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയുമായി ചേർന്ന് മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്. കഴിഞ്ഞ നവംബറിൽ എത്തിഹാദ് എയർവേയ്സ് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ തുറന്നിരുന്നു. നിലവിൽ ഒന്നിലധികം ടച്ച് പോയിന്റുകളിലായി ബയോമെട്രിക് സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഡേറ്റ ഉപയോഗിച്ച് യാത്രക്കാർക്ക് പാസ്‌പോർട്ടോ ബോർഡിംഗ് പാസോ ഹാജരാക്കാതെ ചെക്ക്ഇൻ ചെയ്യാം. ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കി വിമാനത്തിൽ കയറുകയും ചെയ്യാം. വിമാനയാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാകും.

മുഖം പകർത്തി

എല്ലാമറിയും

 ഇ - ഗേ​റ്റിലും ബോർഡിംഗ് ഗേ​റ്റിലുമുള്ള സ്മാർട്ട് ക്യാമറകൾ യാത്രികരുടെ മുഖം പകർത്തും

 ശേഖരിക്കുന്ന ബയോമെട്രിക് ഡേറ്റ ബോർഡിംഗിന് മുമ്പ് ഉപയോഗിക്കും

 ടിക്ക​റ്റ്, യാത്രാരേഖ പരിശോധന എന്നിവ ഒരൊ​റ്റ പ്രക്രിയയിലേക്ക് സംയോജിക്കും

 ഓട്ടോമേറ്റഡ് ട്രാവലർ രജിസ്ട്രേഷൻ, സെൽഫ് - സർവീസ് ബാഗേജ് ഡെലിവറി സേവനങ്ങളും ലഭ്യം

 എത്തിഹാദ് അടക്കം 6 എയർലൈനുകൾ പദ്ധതിയുമായി സഹകരിക്കും

 അടുത്ത വർഷത്തോടെ മുഴുവൻ എയർലൈനുകളെയും പദ്ധതിയുടെ ഭാഗമാക്കും