kochi

കൊച്ചി: ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ നിര്‍ണായകമായ സ്ഥാനമാണ് കേരളത്തിന്റെ സ്വന്തം കൊച്ചിക്കുള്ളത്. വിവിധ മേഖലകളില്‍ കേരളത്തേയും രാജ്യത്തേയും അടയാളപ്പെടുത്താന്‍ കൊച്ചിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരേയൊരു വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 376.4 ദശലക്ഷം ആളുകളാണ് വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫോര്‍ബ്‌സിന്റെ പട്ടികയില്‍ എട്ടാമതായി സ്ഥാനം പിടിച്ചത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 2009 മുതലുള്ള കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ഖ്യാതി ഡല്‍ഹിക്കാണ്.

ഇന്ത്യയിലെ വ്യവസായ നഗരമായ മുംബയ് ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളമാണ് ഈ നേട്ടം കൈവരിച്ചത്. മുംബയ് വിമാനത്താവളത്തിലെ തിരക്ക് പരമാവധി കവിഞ്ഞതോടെ ഉപഗ്രഹനഗരമായ നവിമുംബയില്‍ പുതിയ വിമാനത്താവള നിര്‍മാണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഐടി നഗരമായ ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. ഹൈദരാബാദ് ആണ് നാലാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഹൈദരാബാദിലേത്. ആഭ്യന്തര, അന്തര്‍ദേശീയ ഇ-ബോര്‍ഡിങ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണിത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് പാസഞ്ചര്‍ ട്രാഫിക്കിനും എയര്‍ക്രാഫ്റ്റ് നീക്കങ്ങള്‍ക്കും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളം. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം ആറാമതും അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളം പട്ടികയില്‍ ഏഴാം സ്ഥാനത്തുമാണ്.

അതായത് ഇന്ത്യയിലെ വന്‍ നഗരങ്ങളായ ഡല്‍ഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയുടെ പിന്നിലായി കൊച്ചി സ്ഥാനം ഉറപ്പിച്ചുവെന്നാണ് ഈ കണക്കില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പൂനെ രാജ്യാന്തര വിമാനത്താവളം ഒമ്പതാം സ്ഥാനത്തും വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലെ ബാംബോലിന്‍ വിമാനത്താവളം പത്താം സ്ഥാനത്തുമാണ്.