ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തേയും യുവാക്കളുടെ തൊഴില്‍ ചെയ്യാനുള്ള ക്ഷമതയെക്കുറിച്ചും നിര്‍ണായകമായ സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബിരുദം വരെയുള്ള പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന പകുതിയോളം പേര്‍ക്ക് (51.25 ശതമാനം) പേര്‍ക്ക് മാത്രമേ തൊഴില്‍ നൈപുണ്യമുള്ളൂവെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആധുനിക തൊഴില്‍ രംഗത്ത് ആവശ്യമുള്ള 'സ്‌കില്‍' ബിരുദ പഠനത്തിലൂടെ ലഭിക്കുന്നില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.
അതേസമയം തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ലിംഗസമത്വത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ സഹായകമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിനു താഴെയുള്ളവരാണെന്ന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം കോളജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരില്‍ പകുതിയോളം പേര്‍ക്ക് തൊഴില്‍ ചെയ്യാനാവശ്യമായ നൈപുണ്യമില്ല എന്ന വിവരം ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ ദശകത്തില്‍ 34 ശതമാനം മാത്രമായിരുന്ന തൊഴില്‍ ക്ഷമത നിലവില്‍ 51.25 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍പേര്‍ തൊഴിലധിഷ്ടിത കൊഴ്‌സുകള്‍ക്ക് ചേരുന്നതാണ് ശതമാനത്തിലെ വര്‍ദ്ധനയ്ക്ക് കാരണം.അഞ്ച് വര്‍ഷത്തിനിടെ ഇ.പി.എഫ്.ഒ നെറ്റ് പേറോളില്‍ ഇരട്ടിയോളം പുതിയ അക്കൗണ്ടുകള്‍ വന്നിട്ടുണ്ട്. ഇത് ഫോര്‍മല്‍ ജോലികളുടെ എണ്ണം വര്‍ധിച്ചെന്ന സൂചനയാണ് നല്‍കുന്നത്.
സര്‍ക്കാറിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതി ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രയോജനപ്പെട്ടതായി സര്‍വെ അവകാശപ്പെടുന്നു. നിര്‍മിത ബുദ്ധിയുടെ വ്യാപക ഉപയോഗം തൊഴില്‍നഷ്ടത്തിന് കാരണമാകാത്ത രീതിയില്‍ പുതിയ 'സ്‌കില്‍സ്' വളര്‍ത്തണമെന്നും സര്‍വെ അഭിപ്രായപ്പെടുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടിലാണ് സര്‍വേയില്‍ വിശദാംശങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത്.