sbi

ആലപ്പുഴ: ചേര്‍ത്തല അര്‍ത്തുങ്കലിലെ എസ്ബിഐ ബാങ്കിനും സര്‍ക്കാര്‍ സ്‌കൂളിനും പിഴ ചുമത്തി. പ്ലാസ്റ്റിക് പേപ്പറുകളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതിനാണ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴയിട്ടത്. 5000 രൂപയാണ് ബാങ്ക് പിഴയായി അടയ്‌ക്കേണ്ടത്. പ്ലാസ്റ്റിക്കും ബക്ഷണ മാലിന്യങ്ങളും അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിഞ്ഞ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനും പിഴ ചുമത്തിയിട്ടുണ്ട്.

സ്‌കൂളിലെ പേപ്പര്‍, പ്ലാസ്റ്റിക്ക്, ഭക്ഷണ മാലിന്യങ്ങള്‍ അടുത്തുളള പറമ്പിലേക്ക് സ്ഥിരമായി നിക്ഷേപിക്കുന്നതായും സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി. സ്‌കൂളിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യാന്‍ ഹെഡ്മാസ്റ്റര്‍ക്ക് സ്‌ക്വാഡ് നിര്‍ദേശവും നല്‍കി.

പ്ലാസ്റ്റിക്കും മറ്റ് മെഡിക്കല്‍ മാലിന്യങ്ങളും പൊതുജലാശയത്തിലേക്ക് ഒഴുകി വിട്ടതിനും, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 10,000 രൂപ പിഴയിട്ടു. സ്‌ക്വാഡ് ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ 24 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ജോയിന്റ് ബി ഡി ഒ ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിപിന്‍ ബാബു ആര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദ്ഗധന്‍ അഖില്‍ പി ബി, ശുചിത്വ മിഷന്‍ പ്രതിനിധി നിഷാദ് എം ബി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഭിലാഷ് എന്നിവരുള്‍പ്പെട്ടതായിരുന്നു സ്‌ക്വാഡ്. സംസ്ഥാനത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും വലിയ സാമൂഹിക പ്രശ്‌നമായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ നടപടി കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.