ankola

അങ്കോള: അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മറ്റുവിവാദങ്ങളിലേക്ക് ആരും പോകരുതെന്ന് ലോറി ഉടമയായ മനാഫ്. എല്ലാവരും വളരെ കഷ്‌ടപ്പെട്ടാണ് ദുരന്തമുഖത്ത് നിലകൊള്ളുന്നത്, അധികാരികളുമായിട്ട് നിരന്തരം സംസാരിക്കുന്നുണ്ടെന്ന് മനാഫ് പ്രതികരിച്ചു. പേപ്പർ വർക്കുകൾ അടക്കമുള്ള പല കാര്യങ്ങളും ഒറ്റയ‌്ക്കാണ് ചെയ്യുന്നത്. കേരളത്തിൽ നിന്ന് ഇനി ആരും ദുരന്ത സ്ഥലത്തേക്ക് വരരുതെന്നും മനാഫ് പറയുന്നു.

25 പേർക്കാണ് അനുമതിയുള്ളത്. ഇത്രയും ആളുകൾ മതി. കേരളത്തിലുള്ളവർ കർണാടകയെ അപമാനിക്കുന്നു എന്ന തരത്തിലാണ് പ്രാദേശിക തലത്തിൽ വാർത്തകൾ വരുന്നത്. അർജുന്റെ വീട്ടുകാരുടെ വിഷമം ഇവിടെയുള്ള പലരും മനസിലാക്കുന്നില്ല. വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്നുകരുതി ഇതുവരെ പറയാത്തതാണ്. അർജുൻ ചിലപ്പോൾ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുക. അക്കാര്യത്തിൽ തനിക്ക് നല്ല സംശയമുണ്ടെന്നും മനാഫ് പറയുന്നു.

അർജുനും ലോറിയും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം സ്ഥിരീകരിച്ചു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന. ആധുനിക റഡാർ സംവിധാനത്തോടെയും ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തെരഞ്ഞെങ്കിലും ഏഴാം ദിവസവും കണ്ടെത്താനായില്ല.

ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് 15 മീറ്റർ ആഴത്തിൽ സിഗ്നൽ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടർന്ന് എട്ട് മീറ്റർ താഴ്‌ചയിൽ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്നൽ കിട്ടി. അർജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്ന് സ്‌പോട്ടുകളിൽ എട്ട് മീറ്ററിലായി മുഴുവൻ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തെരച്ചിൽ നിറുത്തി. അതേസമയം തീരത്ത് സിഗ്നൽ കണ്ടതിനെ തുടർന്ന് സൈന്യം ഇന്നലെ വൈകിട്ട് നദിയിലും പരിശോധന നടത്തി.

സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ കലക്ടർ സ്ഥിരീകരിച്ചു. മണ്ണിടിച്ചിലിൽ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അഴുകിയ നിലയിലാണ് മൃതദേഹം.

ഒമ്പത് പേരാണ് ജലപ്രവാഹത്തിൽപ്പെട്ട് കാണാതായത്. ഇതിൽ രണ്ട് സ്ത്രീകളുടെ മൃതദേഹം ലഭിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. ആറ് വീടുകളും ഇവിടെ തകർന്നിട്ടുണ്ട്.