gulf

അബുദാബി: യുഎഇ ഉൾപ്പെടെയുള്ള പല ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും നാട്ടിലുള്ള വേണ്ടപ്പെട്ടവരുമായി ഓഡിയോ അല്ലെങ്കിൽ വീഡിയോ കോൾ ചെയ്യുന്നത് വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ) ഉപയോഗിക്കാറുണ്ട്. യുഎഇയിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് വിപിഎൻ ഡൗൺലോഡ് ചെയ്‌തിട്ടുള്ളത്. ഇപ്പോഴിതാ വിപിഎൻ ഡൗൺലോഡ് ചെയ്‌തവർക്ക് പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. ആയിരങ്ങൾ കൊടുത്ത് ഫോൺ ചാർജ് ചെയ്യുന്നവരിൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബാലൻസ് തീർന്ന മെസേജ് വരുന്നു എന്നാണ് വിവരം.

'ആഴ്‌ചകളായി എന്റെ പോസ്റ്റ് - പെയ്‌ഡ് മൊബൈൽ അക്കൗണ്ടിൽ നിന്നും പ്രതിദിനം മൂന്ന് ദിർഹം നഷ്‌ടമാകുന്നു. ക്രെഡിറ്റ് ലിമിറ്റ് എത്തിയതായി ടെലികോം സേവനദാതാവിൽ നിന്ന് മെസേജ് വന്നപ്പോഴാണ് ഞാൻ അറിഞ്ഞത്. കണ്ടപ്പോൾ അതിശയിച്ചുപോയി. ഇത്രയും രൂപയ്‌ക്ക് ഞാൻ ആരെയും വിളിച്ചിട്ടില്ല. ബില്ലിന്റെ പകുതി കാശിന് പോലും ഉപയോഗിച്ചിട്ടില്ല. എന്റെ പ്രീ - പെയ്‌ഡ് സിം ആണ് കൂടുതലായും ഉപയോഗിക്കുന്നത്. ഒടുവിൽ സമീപത്തുള്ള കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവുമായി സംസാരിച്ചപ്പോഴാണ് വിപിഎൻ ആണ് പ്രശ്ന‌നക്കാരനെന്ന് മനസിലായത്. വിപിഎൻ ഡൗൺലോഡ് ചെയ്‌തതിനാണ് ഇത്രയും വലിയ തുക ബിൽ വന്നത്. ഉടൻതന്നെ ഞാൻ അത് അൺഇൻസ്റ്റോൾ ചെയ്‌തു ', യുഎഇയിൽ താമസിക്കുന്ന നൂർ അഹമ്മദ് പറഞ്ഞു.

വിപിഎൻ ഉപയോഗിച്ചതിന് ഒരു മാസം 200 ദിർഹമാണ് നൂർ അഹമ്മദിന് നഷ്‌ടപ്പെട്ടത്. നൂർ മാത്രമല്ല, വിപിഎൻ കാരണം പണം പോയ മറ്റൊരാളാണ് ദീർഘകാലമായി യുഎഇയിൽ താമസിക്കുന്ന മസൂം ഫാത്തിമ. റീച്ചാർജ് ചെയ്‌ത് രണ്ട് ദിവസത്തിനുള്ളിൽ ഫാത്തിമയും ബാലൻസ് മുഴുവൻ തീർന്നു.

'എന്റെ മൊബൈൽ റീച്ചാർജ് ചെയ്‌ത് രണ്ട് ദിവസത്തിനുള്ളിൽ ബാലൻസ് മുഴുവൻ നഷ്‌ടമായി. ഒരു സുഹൃത്ത് പറഞ്ഞതോടെയാണ് വിപിഎൻ ആണ് പ്രശ്‌നം എന്ന് മനസിലായത്. ഉടൻതന്നെ ഞാനത് അൺഇൻസ്റ്റോൾ ചെയ്‌തു ', ഫാത്തിമ പറഞ്ഞു.

യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ, അത് ദുരുപയോഗം ചെയ്‌ത് കഴിഞ്ഞാൽ വൻ തുകയാണ് പിഴ അടയ്‌ക്കേണ്ടി വരിക. ഏതാണ്ട് രണ്ട് ദശലക്ഷം ദിർഹം വരെ പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.