nirmala-sitharaman

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ചെറുകിട - ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ)​ പ്രത്യേക പരിഗണന നൽകി പദ്ധതി. ചെറുകിട - ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നൽകും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകൾ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകൾ കൊണ്ട് വരും. എംഎസ്എംഇകൾക്ക് ബാങ്ക് വായ്പ സുഗമമാക്കുമെന്നും മന്ത്രി അറിയിച്ചു.

എംഎസ്എംഇകൾക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകൾ സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മുദ്ര വായ്പയുടെ പരിധി ഉയർത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ കൊണ്ടുവരും.

12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം. തൊഴിൽ, മദ്ധ്യവർഗം, ചെറുകിട - ഇടത്തരം മേഖലകൾക്ക് ആണ് ബഡ്ജറ്റിൽ കൂടുതൽ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.

നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാമത്തെ ബഡ്‌ജറ്റ് ആണിത്. ഇതോടെ മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡാണ് തിരുത്തിയത്. രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന നിർമ്മല സീതാരാമൻ ഒരു ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകളാണ് അവതരിപ്പിച്ചത്. 1959 മുതൽ 1964 വരെ ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകൾ മൊറാർജി അവതരിപ്പിച്ചിരുന്നു.