ന്യൂഡൽഹി: എൻ. ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പൂർണസഹകരണത്തോടെയും സഹായത്തോടെയും അധികാരത്തിലേറിയ മൂന്നാം മോദി സർക്കാർ തങ്ങളുടെ ആദ്യ ബഡ്‌ജറ്റിലൂടെ തന്നെ നന്ദി അറിയിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിനും ബിഹാറിനും വാരിക്കോരിയാണ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജെഡിയുവിന്റെ വളരെ കാലങ്ങളായുള്ള ആവശ്യമായ പ്രത്യേക പദവി നൽകിയില്ലെങ്കിലും പ്രത്യേക പാക്കേജ് ഇത്തവണത്തെ ബഡ്‌ജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പാറ്റ്‌ന- പൂർണിയ, ബസ്‌കർ- ഭഗൽപൂർ, ബോദ്ഗയ-രാജ്‌ഗിർ, വൈശാലി-ദർബാൻഗ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ഹൈവേയും സംസ്ഥാനത്തിന് ലഭിച്ച 'ലോട്ടറി'യാണ്. 2600 കോടി രൂപയാണ് ഈ എക്‌സ്പ്രസ് ഹൈവേക്കായി ബഡ്‌ജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
മാത്രമല്ല ഗംഗാനദിക്ക് കുറുകെ രണ്ടുവരി മേൽപ്പാലവും പ്രഖ്യാപിച്ചിട്ടുണ്ട്. 2400 മെഗാവാട്ടിന്റെ പവർ പ്ളാന്റാണ് മറ്റൊരു പ്രഖ്യാപനം. ഭഗൽപൂറിലെ പിർപൈന്തിയിലാണ് പ്ളാന്റ് വരിക. ഗയ, രാജ്‌ഗിർ എന്നിവയെ ബന്ധപ്പെടുത്തി ക്ഷേത്ര ഇടനാഴിയും പണിയും. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ബിഹാറിലെ ടൂറിസത്തിന് ഏറെ മുതൽക്കൂട്ടാകും. പ്രളയ നിവാരണത്തിന് 11500 കോടിയാണ് ബഡ്‌ജറ്റിൽ ബിഹാറിനായി നിർമ്മലാ സീതാരാമൻ മാറ്റിവച്ചത്.
റെയിൽവേ വികസനത്തിനും റോഡിന്റെ പുരോഗതിക്കും ഊന്നൽ നൽകിയാണ് ആന്ധ്രയ്‌ക്കുള്ള പ്രഖ്യാപനങ്ങൾ. ആന്ധ്രയ്‌ക്ക് തലസ്ഥാനം വികസിപ്പിക്കുന്നതിന് 15000 കോടി ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആവശ്യമായ തുക വരും വർഷങ്ങളിൽ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാൻ ധനസഹായം വേണമെന്ന് സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.
അങ്ങനെ ചന്ദ്രബാബുവും നിതീഷ് കുമാറും തങ്ങൾ ചിന്തിച്ചിടത്തു തന്നെ കേന്ദ്ര ബഡ്‌ജറ്റിലൂടെ കാര്യങ്ങൾ എത്തിച്ചു എന്നുവേണം മനസിലാക്കാൻ. മൂന്നാം ബിജെപി സർക്കാർ അധികാരത്തിലെത്തിയ ഉടനെ പ്രത്യേക പദവി വേണമെന്ന് ബിഹാർ, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും പിന്തുണയുള്ളതിനാൽ ഇരു പാർട്ടികളെയും പിണക്കുന്നത് ഉചിതമല്ലെന്ന ബിജെപിയുടെ തീരുമാനം തന്നെയാണ് അവർക്ക് ഗുണകരമായതും.