krishnapriya

കോഴിക്കോട്: പുഴയിലെ തെരച്ചിൽ ആധുനിക സംവിധാനങ്ങളോടെ വേണമെന്ന് കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ. സെെന്യത്തിന്റെ സേവനത്തിൽ തൃപ്തിയുണ്ടെന്നും കൃഷ്‌ണപ്രിയ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'പുഴയുടെ തീരത്തുള്ള മണ്ണ് നീക്കണം. എന്റെ കുട്ടിയുടെ അച്ഛനെ എനിക്ക് വേണം. ഞങ്ങൾക്ക് നീതി കിട്ടണം. അവസാനമായെങ്കിലും അർജുനെ ഒരു നിമിഷമെങ്കിലും കാണണം',​ - കൃഷ്ണപ്രിയ പറഞ്ഞു.

അതേസമയം, സെെന്യം അർജുനെ കണ്ടെത്തുമെന്ന പ്രതീക്ഷ അവസാനിച്ചെന്ന് അമ്മ ഷീല ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അവിടെത്തെ ഭരണത്തിലും പൊലീസിലും വിശ്വാസമില്ല. ഇപ്പോൾ കേന്ദ്രത്തിലും വിശ്വാസം നഷ്ടമായി. സഹായിക്കാനാണ് കേന്ദ്രം പട്ടാളത്തെ വിട്ടതെങ്കിൽ അതിനുള്ള ഉപകരണങ്ങളും കരുതുമായിരുന്നു. ടണൽ ദുരന്തത്തിലുണ്ടായപോലെ മകൻ തിരിച്ചുവരുമെന്നായിരുന്നു പ്രതീഷയെന്നും അമ്മ കൂട്ടിച്ചേർത്തു.

'കേന്ദ്രത്തിന്റെയും കർണാടകയുടെയും സഹായം നമുക്ക് കിട്ടിയില്ല. പട്ടാളക്കാരെ അഭിമാനത്തോടെ കാണുന്നവരാണ് ഞങ്ങൾ. അച്ഛൻ പട്ടാളക്കാരനായിരുന്നു. ആ അഭിമാനമൊക്കെ നഷ്ടപ്പെടുന്നു. പട്ടാളത്തെ കുറ്റം പറയുകയല്ല. അവർക്ക് നിർദേശത്തിന്റെ കുറവുണ്ട്. സെെന്യത്തെ ഉപകരണമില്ലാതെ കൊണ്ടുവന്ന് കോമാളിയാക്കി. ആരാണോ അങ്ങനെ ചെയ്തത് അവരോടാണിത് പറയുന്നത്. മനുഷ്യന് ഇത്രയേ വിലയുള്ളൂ. ഇങ്ങനെ പറയേണ്ടിവരുമെന്ന് കരുതിയതേ അല്ല',​ - അമ്മ വ്യക്തമാക്കി.