widkkd

അഹമ്മദാബാദ്: ഗുണ്ടാനേതാവിനൊപ്പം പോയി തിരികെയെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗർ സെക്ടറിലാണ് സംഭവം. വൈദ്യുത റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. രഞ്ജിത് കുമാറുമായി അകന്നുകഴിയുകയായിരുന്ന സൂര്യ ഒമ്പത് മാസം മുമ്പാണ് ഗുണ്ടാനേതാവായ മഹാരാജ് എന്നയാൾക്കൊപ്പം ഒളിച്ചോടിയത്. എന്നാൽ

കഴിഞ്ഞ ദിവസം സൂര്യ മടങ്ങിയെത്തി. ഈ സമയം വിവാഹമോചന പരാതിയുമായി ബന്ധപ്പെട്ട നടപടികൾക്കായി പുറത്തുപോയിരിക്കുകയായിരുന്നു രഞ്ജിത്. രഞ്ജിത്തിന്റെ നിർദ്ദേശ പ്രകാരം ജോലിക്കാർ വീട്ടിൽ പ്രവേശിപ്പിക്കാതെ വന്നതോടെ സൂര്യ വിഷം കഴിച്ചു. തുടർന്ന് 108ൽ വിളിച്ച് സഹായത്തിന് അഭ്യർത്ഥിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച മരിച്ചു. ഗുണ്ടാനേതാവിനൊപ്പം പോയ ശേഷം 14കാരനെ തട്ടിക്കൊണ്ടുപോയി രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ സൂര്യയും പ്രതിയായിട്ടുണ്ട്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിനെത്തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഈ കേസിൽ തമിഴ്നാട് മധുര പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഇവർ മടങ്ങിയെത്തിയതെന്നാണ് നിഗമനം. സൂര്യയുടെ മൃതദേഹം ഏറ്റെടുക്കാൻ രഞ്ജിത് വിസമ്മതിച്ചു.

'മഹാരാജ ഹൈക്കോർട്ട്' എന്ന പേരിൽ അറിയപ്പെടുന്ന ഗുണ്ടാനേതാവിനൊപ്പമാണ് സൂര്യ ഒളിച്ചോടിയത്. ഇയാൾക്കും സൂര്യക്കും സഹായി സെന്തിൽ കുമാറിനുമെതിരെ നിരവധി കേസുകളുണ്ട്. കഴിഞ്ഞ 11നാണ് സൂര്യയും ഉൾപ്പെടെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാൽ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി. സൂര്യ ഉൾപ്പടെയുള്ളവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് സംഭവം.

സൂര്യ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എഴുതിയ കുറിപ്പ് കണ്ടെത്തി. മഹാരാജ കെണിയിൽപ്പെടുത്തിയതാണെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിരപരാധിയാണെന്നും കുറിപ്പിൽ പറയുന്നു. ഭർത്താവ് നല്ലയാളാണ്. കുട്ടികളെ നന്നായി നോക്കിയെന്നും കുറിപ്പിൽ പറയുന്നു.