മലയാള സിനിമയിലെ ഹിറ്റ് സംഗീത സംവിധായകരിൽ ഒരാളാണ് ദീപക് ദേവ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം പാട്ടുകൾ ചെയ്തിട്ടുണ്ട്. നിരവധി പ്രശസ്ത ഗായകരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ദീപക് ദേവ് മുതിർന്ന ഗായകനായ ഉദിത് നാരായണനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിപ്പോൾ ശ്രദ്ധനേടുകയാണ്.
ദിലീപ് നായകനായ സ്‌പീഡ് ട്രാക്ക്, ലയൺ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഉദിത് നാരായണൻ പാടുന്നത് വരികളുടെയും വാക്കുകളുടെയും അർത്ഥം അറിയാതെയാണെന്നും അതൊന്നും അറിയാൻ അദ്ദേഹം ശ്രമിക്കാറില്ലെന്നുമാണ് ദീപക് ദേവ് പറഞ്ഞത്.
'ഉദിത് ജീ പാടുന്നതുതന്നെ ചിരിച്ചുകൊണ്ടാണ്. അർത്ഥമൊന്നും അറിഞ്ഞിട്ടല്ല. എന്ത് പാട്ടാണ്, ലൗ സോംഗ്, ഓക്കെ, ബാക്കി ആ മൂഡ് പിടിച്ചു ഞാൻ പാടിക്കോളാം എന്നുപറയും. പക്ഷേ വരികൾ നമ്മൾ ശ്രദ്ധിക്കേണ്ടതായി വരും, കാരണം നമ്മുടെ പല അക്ഷരങ്ങളുടെയും ഉച്ചാരണം അവരുടെ ഭാഷയിൽ ഇല്ലാത്തതായിരിക്കും.
ഉദാഹരണത്തിന് 'ഏതെതോ' എന്ന വാക്ക് പാടുന്നതിന് 'യെ ദേതോ' എന്ന ഹിന്ദി വാക്കുകളാണ് അദ്ദേഹത്തിന് ഞാൻ പറഞ്ഞുകൊടുക്കുന്നത്. ആ രീതിക്കാണ് അദ്ദേഹം പാടുന്നത്. അർത്ഥമറിയാതെയാണ് അദ്ദേഹം പാടുന്നത്. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തെക്കൊണ്ട് പാടിക്കുന്നത്. ചിലപ്പോഴൊക്കെ ഇത് വലിയൊരു ടാസ്‌കാണ്. ചില സമയത്ത് പാട്ടിന് നല്ല എക്‌സ്‌പ്രഷൻ കിട്ടും പക്ഷേ പറഞ്ഞത് തെറ്റിപ്പോകും. ചിലപ്പോൾ തിരിച്ചായിരിക്കും.
വരികളുടെ അർത്ഥം അദ്ദേഹത്തിന് കേൾക്കാനും താത്‌പര്യമില്ല. അതൊന്നും ഞാൻ അറിയേണ്ട ആവശ്യമില്ല, എന്താണ് മൊത്തത്തിലുള്ള ഇമോഷൻ, അത് പറയൂ എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ അർത്ഥം അറിഞ്ഞിട്ട് ഒരു വ്യത്യാസവും തോന്നില്ലെന്നും അദ്ദേഹം പറയും. പക്ഷേ എന്തൊക്കെയായാലും അദ്ദേഹം പാടുമ്പോൾ കിട്ടുന്ന എക്‌സ്‌പ്രഷൻ ഒന്നുവേറെ തന്നെയാണ്'- ദീപക് ദേവ് പറഞ്ഞു.