പൂനെ: വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ മാതാപിതാക്കളുടെ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാൻ പൂനെ പൊലീസിന് കേന്ദ്ര നിർദ്ദേശം. പൂജയുടെ മാതാപിതാക്കളായ മനോരമയും ദിലീപും വിവാഹമോചിതരാണോയെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി പൂനെ പോലീസ് അറിയിച്ചു. വിവാഹത്തെക്കുറിച്ചും വിവാഹ മോചിതരാണെങ്കിൽ അത് സംബന്ധിച്ചു വിശദമായി അന്വേഷിക്കണം. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പൂജയുടെ അമ്മ മനോരമ ഖേദ്കർ അറസ്റ്റിലായിരുന്നു. ദിലീപിനെതിരെയും കേസുണ്ട്.
വ്യജ സർട്ടിഫിക്കറ്രുകളുൾപ്പെടെ കാണിച്ചും വിവരങ്ങൾ തെറ്റായി നൽകിയും കബളിപ്പിച്ചാണ്
പൂജ സിവിൽ സർവീസ് പരീക്ഷ ജയിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പൂജയുടെ ഐ.എ.എസ് റദ്ദാക്കാനുള്ള നടപടികൾ യു.പി.എസ്.സി ആരംഭിച്ചു. പൂജയ്‌ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യു.പി.എസ്.സി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷാ അപേക്ഷയിൽ തട്ടിപ്പ് നടത്തിയതിനും കാഴ്ച പരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പൂജയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ട് പ്രകാരവും പൂജയ്‌ക്കെതിരെ കേസുണ്ട്. ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞാൽ പൂജയുടെ ഐ.എ.എസ് റദ്ദാക്കും.
പൂജയുടെ എം.ബി.ബി.എസ് പഠനവും സംശയനിഴലിലാണ്. പട്ടികവർഗ സംവരണ സീറ്റിലാണ് പൂജ എം.ബി.ബി.എസ് പഠിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.