jammu

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുമായി ഉണ്ടായ ഏ​റ്റുമുട്ടലിൽ ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കൃഷ്ണ ഘാട്ടി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്ര് ചികിത്സയിലായിരുന്നു.

ഇന്നലെ പുലർച്ചെ പുലർച്ചെ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്രുമുട്ടലിൽ നിരവധി ഭീകരരെ വധിച്ചതായി റിപ്പോർട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം ജവാന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

24 മണിക്കൂറിനുള്ളിൽ ജമ്മു മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കി. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഭീകരാക്രമണങ്ങൾ നേരിടാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. തിങ്കളാഴ്‌ച ഡിഫൻസ് ഗാർഡിന്റെ വീടിന് നേരെ ഭീകരർ ആക്രമണം നടത്തി. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഭീകരർ ഓടി ഒളിച്ചു. ഭീകരരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്ന് അധികൃതർ അറിയിച്ചു. ഭീകരരെ നേരിടാൻ ഉന്നത പരിശീലനം നേടിയ കൂടുതൽ സൈനികരെയും പാരാ സ്‌പെഷ്യൽ ഫോഴ്സ് കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ദോഡയിൽ ഒരാഴ്‌ചയിൽ രണ്ടാമത്തെ ഭീകരാക്രമണം.

ജൂൺ 11 ന് ശേഷം അഞ്ചാമത്തെ സംഭവം.

ജൂൺ 11നും 12നും 6 സൈനികർക്ക് വീരമൃത്യു

ജൂലായ് 6 -കുൽഗാമിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ജൂലായ് 8ന് കത്വയിൽ അഞ്ച് സൈനികർക്ക് വീരമൃത്യു

32മാസം, 48 വീരമൃത്യു

ഒരിടവേളയ്‌ക്ക് ശേഷം ജമ്മു കാശ്മീരിൽ ഭീകരത വർദ്ധിക്കുകയാണ്. കഴിഞ്ഞ 38 മാസങ്ങളിൽ 48 സൈനികരാണ് വീരമൃത്യു വരിച്ചത്.